പുലി: വാക്കോട് നിരവിൽ വനം വകുപ്പ് കൂടും കാമറയും സ്ഥാപിച്ചു
text_fieldsവാക്കോട് നിരവിൽ വനം
വകുപ്പ് സ്ഥാപിച്ച കൂട്
തച്ചമ്പാറ: പാലക്കയം വാക്കോട് നിരവ് ഭാഗത്ത് വളർത്താടുകളെ പുലി കൊന്ന സ്ഥലത്ത് പുലിയെ പിടികൂടാൻ കൂടും നിരീക്ഷണ കാമറയും സ്ഥാപിച്ചു. തച്ചമ്പാറ വാക്കോട് ആക്കമറ്റത്തിൽ തങ്കപ്പൻ എന്ന ജോർജ് ജോസഫിന്റെ പറമ്പിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട് ഒരുക്കിയത്.
തൊട്ടടുത്ത സ്ഥലത്ത് നിരീക്ഷണ കാമറയും ഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വാക്കോട് നിരവ് ഭാഗത്തിറങ്ങിയ പുലി ജോർജ് ജോസഫിന്റെ ഏഴ് വളർത്താടുകളെ പിടികൂടി കൊന്നിരുന്നു. രണ്ട് വളർത്താടുകളെ സംഭവസ്ഥലത്ത് നിന്ന് കാണാതാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വളർത്താടുകളെ ആക്രമിച്ച വന്യമൃഗത്തെ നിരീക്ഷിക്കുന്നതിന് കാമറയും പിടികൂടുന്നതിന് കൂടും സ്ഥാപിച്ചത്.
ശനിയാഴ്ച രാത്രി 11ഓടെയാണ് കൂട് സജ്ജീകരിച്ചത്. പാലക്കയം ഡപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ.മനോജും ദ്രുത പ്രതികരണ സംഘവും വനപാലകരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആഴ്ചകൾക്ക് മുൻപ് വാക്കോടൻ മലയടിവാര പ്രദേശത്ത് ജനവാസ മേഖലയിലിറങ്ങിയ പുലിയെ കൂടൊരുക്കി വനംവകുപ്പ് പിടികൂടിയിരുന്നു.
ഈ മേഖലയിൽ ഉപജീവനത്തിനായി മൃഗങ്ങളെ വളർത്തുന്ന ക്ഷീരകർഷകരുൾപ്പെടെയുള്ള പ്രദേശവാസികൾ ഇത് കാരണം പുലി ഭീതിയിലാണ്. കഴിഞ്ഞ ദിവസം പുലി ആക്രമിച്ച് കൊലപെടുത്തിയ മൂന്ന് വളർത്താടുകളും ഗർഭിണിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

