വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച മൂന്നുപേർ പിടിയിൽ
text_fieldsപ്രതികളായ സുനിൽ, സുശാന്ത്, ബൈജു
പുതുപ്പരിയാരം: വീട് കുത്തിത്തുറന്ന് മൂന്ന് പവൻ സ്വർണവും 20,000 രൂപയും മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേർ ഹേമാംബിക നഗർ പൊലീസിന്റെ പിടിയിലായി. പുതുപ്പരിയാരം വേലൻകാട് ബൈജു (26), വേലൻകാട് സുനിൽ (25), പുതുപ്പരിയാരം ഇൻഡസ്ട്രിയൽ മേലേ മുരളി സുശാന്ത് (26) എന്നിവരാണ് പിടിയിലായത്. വേലൻകാട് സജിതയുടെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രി വീട്ടുകാർ കൊടുങ്ങല്ലൂർ ഭരണിക്ക് പോയതായിരുന്നു. വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഓട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരകൾ കുത്തിത്തുറന്നാണ് സ്വർണവും പണവും കവർന്നത്.
പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ വേണ്ടി മുളകുപൊടി വിതറിയതായും ആയുധങ്ങൾ ഒളിപ്പിച്ചുവെച്ചതായും പൊലീസ് കണ്ടെത്തി. നഷ്ടപ്പെട്ട സ്വർണവും പണവും കളവ് നടന്ന് മണിക്കൂറുകൾക്കകം പൊലീസ് കണ്ടെടുത്തു. വീടിനടുത്ത് പൊന്തക്കാട്ടിലാണ് സ്വർണാഭരണം ഒളിപ്പിച്ചിരുന്നത്. വീട്ടുകാർ സ്ഥലത്തിലാത്ത വിവരം അറിഞ്ഞതോടെ ഇവർ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.
പാലക്കാട് എ.എസ്.പി ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം ഹേമാംബിക നഗർ എസ്.ഐ വി. റനീഷ്, എസ്.ഐ കെ.ജി. ജയനാരായണൻ, ജി.എസ്.ഐ ശിവചന്ദ്രൻ, ജി.എസ്.സി.പി.ഒമാരായ രാജേഷ് ഖന്ന, എ. നവോജ്, പ്രസാദ്, ജി.സി.പി.ഒ സി.എൻ. ബിജു, കെ.എം. വിനോദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

