വിലയുണ്ട്, വിളവില്ല; ഇരുണ്ട് കർഷകമനം
text_fieldsപാലക്കയത്ത് കാറ്റിൽ നിലംപൊത്തിയ വാഴകൾ
കല്ലടിക്കോട്: പച്ചക്കറികൾക്കും ഇഞ്ചിക്കും വില കൂടിയിട്ടും മഴക്കെടുതിയും വിളനാശവും മലയോര മേഖലയിലെ കർഷകരെ വിഷമ സന്ധിയിലാക്കി. ഓണം വരവായിട്ടും കർഷകമനങ്ങളിൽ പ്രതീക്ഷയുടെ ഇത്തിരി വെട്ടത്തിന് പകരം നിരാശയുടെ കാർമേഘങ്ങൾ ഉരുണ്ട് കൂടുകയാണ്. ഇനി പ്രതീക്ഷ കർഷകർക്കുള്ള സമാശ്വാസ പദ്ധതികളിലാണ്.
അഞ്ച് വർഷം മുമ്പുണ്ടായ പ്രളയകാലത്തിന് ശേഷവും കാർഷിക മേഖലയുടെ പുഷ്ടിയും പഴയകാല പ്രതാപവും തിരിച്ച് പിടിക്കാൻ പ്രതിസന്ധികൾ കാരണം പറ്റുന്നില്ലെന്ന് കർഷകർ പറയുന്നു. പ്രളയാനന്തര കാലത്ത് മണ്ണിന്റെ ഫലഭൂയിഷ്ഠി നഷ്ടപ്പെട്ടതോടെ ഉത്പാദനം വളരെ താഴ്ന്നു. ഉത്പാദനക്കുറവും വിലയിടിവും തുടർച്ചയായ രണ്ട് വർഷവും കർഷകർ അനുഭവിച്ചു. ഇതിനെ പിറകെയാണ് ഈ വർഷമാദ്യത്തെ വേനൽമഴയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും കൃഷി നശിച്ചത്. കരിമ്പ, കാരാകുർശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കടമ്പഴിപ്പുറം, കോങ്ങാട്, കേരളശ്ശേരി പഞ്ചായത്തുകളിൽ കാറ്റിലും മഴയിലും ഏകദേശം മൂന്നരക്കോടി രൂപയുടെ വിളനാശമാണ് സംഭവിച്ചത്. വാഴ, റബർ, കമുക്, നാടൻ പച്ചക്കറികൾ എന്നിവയാണ് വൻതോതിൽ നശിച്ചത്.
മുണ്ടൂർ, കേരളശ്ശേരി, പുതുപ്പരിയാരം, അകത്തേത്തറ ഗ്രാമപഞ്ചായത്തുകളിൽ ഇഞ്ചിയും മഞ്ഞളും കീടബാധ കാരണം നശിച്ചു. ഓണക്കാല വിപണി പ്രതീക്ഷിച്ച് കൃഷി ഇറക്കിയ കർഷകരാണ് ഏറെയും. ഓണ സീസൺ തുടങ്ങുംമുമ്പ് തന്നെ നേന്ത്രക്കായ, വെണ്ട, ഇഞ്ചി, നാടൻ പയർ, പച്ചമുളക് എന്നിവക്ക് കൂടിയ വില പൊതു വിപണിയിലുണ്ട്. ഉത്പാദന കുറവും വിളനാശവും കാർഷിക മേഖലയുടെ വരുമാന സ്രോതസ്സ് തകർത്തു. ഉപജീവനമാർഗമെന്ന നിലയിൽ പിടിച്ച് നിൽക്കുന്നതിനാണ് പലരും ഭീമമായ തുക വായ്പയെടുത്ത് കൃഷി പുനരാരംഭിച്ചത്. വന്യമൃഗശല്യത്തിന് തടയിടാൻ പ്രതിരോധം തീർത്ത് കൃഷി ഇറക്കിയവർക്കും മഴക്കെടുതി വിനയായി. ഓണത്തിന് കർഷകർക്ക് സമാശ്വാസ പദ്ധതികൾ നടപ്പാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

