എറണാകുളം മെമുവിൽ കാലുകുത്താനിടമില്ല; കോച്ചുകൾ അനുവദിക്കുന്നതിൽ ഇരട്ടത്താപ്പ്
text_fieldsപാലക്കാട്: സർവിസ് ആരംഭിച്ച് ഒമ്പതു വർഷം പിന്നിടുമ്പോഴും പാലക്കാട്-എറണാകുളം മെമുവിൽ യാത്രക്കാർക്ക് ദുരിതം. പ്രതിദിനം 3000ത്തിലേറെ യാത്രക്കാർ കയറുന്ന ട്രെയിനിലുള്ളത് 610 സീറ്റുകൾ മാത്രം. പുറപ്പെടും മുമ്പുതന്നെ നിറയുന്ന പാലക്കാട്-എറണാകുളം മെമുവിൽ മിക്ക ദിവസങ്ങളിലും യാത്രക്കാരുടെ തിരക്കാണ്. കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. രാവിലെ 7.20ന് പാലക്കാട് ജങ്ഷൻ സ്റ്റേഷനിൽനിന്നാണ് മെമു പുറപ്പെടുന്നതെന്നതിനാൽ പാലക്കാട്ടുനിന്നുള്ള സ്ഥിരം യാത്രക്കാർ അടക്കമുള്ളവർ എത്തുമ്പോഴേക്കും വണ്ടി നിറയും.
പാലക്കാട്ടുനിന്ന് എറണാകുളത്തേക്ക് ബസ് ചാർജ് 180 രൂപയോളം വരുമെന്നിരിക്കെ എറണാകുളം മെമുവിൽ ടിക്കറ്റ് നിരക്ക് 35 രൂപ മാത്രമാണ്. ഇതിനാൽ നിരവധി ആളുകളാണ് ദിനംപ്രതി ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. ചൊവ്വ ഒഴികെ ആഴ്ചയിൽ ആറു ദിവസവും സർവിസ് നടത്തുന്ന ട്രെയിൻ 11.15ന് എറണാകുളം ജങ്ഷനിലെത്തും. പാലക്കാട്ടുനിന്ന് എറണാകുളം വരെയുള്ള 153 കിലോമീറ്ററിനിടെ 25 സ്റ്റോപ്പുകളാണ് വണ്ടിക്കുള്ളത്. തിരക്കേറെയുള്ള വണ്ടിയിൽ ഇടസ്റ്റേഷനുകളിൽനിന്നുള്ള യാത്രക്കാർക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്.
പാലക്കാട്ടുനിന്ന് തൃശൂർ, എറണാകുളം ജില്ലകളിലുള്ള ആശുപത്രികളിലേക്ക് സാധാരണക്കാർ ആശ്രയിക്കുന്ന പ്രധാന വണ്ടിയാണിത്. തൃശൂർ മെഡിക്കൽ കോളജ്, അമല ആശുപത്രി, ജൂബിലി മിഷൻ ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള രോഗികളും കൂട്ടിരിപ്പുകാരും വണ്ടിയെ ആശ്രയിക്കുന്നുണ്ട്. ഇതിൽ അർബുദബാധിതരും ഡയാലിസിസ് ചെയ്യുന്നവരുമുണ്ടാകും. ഇതിനുപുറമേ തൃശൂർ, എറണാകുളം ജില്ലകളിലേക്കുള്ള വിദ്യാർഥികളും സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്നവരും ഇതിലാണ് യാത്ര ചെയ്യുന്നത്.
പാലക്കാട്ടുനിന്ന് രാവിലെ 5.20നുള്ള ആലപ്പുഴ എക്സ്പ്രസ് കഴിഞ്ഞാൽപിന്നെ ഹ്രസ്വദൂരയാത്രക്കാർക്കുള്ള ആശ്രയമാണ് എറണാകുളം മെമു. രാവിലെ എട്ടിന് ദീർഘദൂര വണ്ടികളുണ്ടെങ്കിലും ഇവയും തിങ്ങിനിറഞ്ഞാണ് എത്തുന്നത്. നാലുമണിക്കൂറോളം നീളുന്ന യാത്രക്കിടെ നിന്നുതിരിയാൻപോലുമാവാതെ പാടുപെടുന്ന യാത്രക്കാർക്ക് ശൗചാലയത്തിനടുത്തേക്കുപോലും എത്താനാവാത്ത സ്ഥിതിയാണ്. യാത്രക്കാർക്ക് ചായയോ കാപ്പിയോ കുടിക്കണമെങ്കിലും പ്രയാസമേറെയാണ്. ഉച്ചക്ക് 2.45ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് വൈകീട്ട് 6.20ന് പാലക്കാട്ടെത്തുന്ന യാത്രയിലും ഇതേ സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

