മങ്കരയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ല; രോഗികൾ വലയുന്നു
text_fieldsമങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ പനി ബാധിച്ച് എത്തിയവരുടെ വലിയ തിരക്ക്
മങ്കര: ദിനംപ്രതി ഇരുനൂറിലേറെ പേർ ചികിത്സ തേടിയെത്തുന്ന മങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്തത് മൂലം രോഗികൾ വലയുന്നു. മൂന്ന് ഡോക്ടർ വേണ്ടിടത്ത് ഒരാളുടെ സേവനം മാത്രമാണ് വെള്ളിയാഴ്ച ലഭിച്ചത്. ഇതോടെ നൂറുകണക്കിന് രോഗികൾ മണിക്കൂറുകൾ കാത്തിരുന്നാണ് ഡോക്ടറെ കണ്ടത്. മങ്കര പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പനി വ്യാപകമാകുമ്പോഴാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ സ്ഥലംമാറ്റം രോഗികൾക്ക് ദുരിതമായത്.
ഉത്തരവ് വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഡോക്ടർമാരെ നിയമിച്ചിട്ടില്ല. ഒരു ഡോക്ടർ നേരത്തെ തന്നെ സ്ഥലം മാറിപ്പോയി. നിലവിലുള്ള മെഡിക്കൽ ഓഫിസറായ ധനേഷിന് അമ്പലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് സ്ഥലംമാറ്റം. ജൂലൈ മൂന്നിനുള്ളിൽ അമ്പലപ്പാറയിൽ ചുമതലയേൽക്കണം. എട്ട് പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പഞ്ചായത്തിൽ ഒരു ഡെങ്കി മരണവും സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച പനി ബാധിച്ചവരുടെ വലിയ തിരക്കാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്.
ശനിയാഴ്ച പഞ്ചായത്തിൽ പനി ക്ലിനിക്ക് ആരംഭിക്കാനിരിക്കെയാണ് ഡോക്ടറുടെ സ്ഥലംമാറ്റം. പകരം നിയമിക്കാതെ ഡോക്ടർമാരെ സ്ഥലംമാറ്റിയതോടെ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. രണ്ടു ഡോക്ടർമാരെ അടിയന്തരമായി നിയമിക്കണമെന്നാവശ്യപ്പെട്ട് മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജില്ല മെഡിക്കൽ ഓഫിസർക്കും കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

