ചിറ്റൂർ താലൂക്കിലെ കുളങ്ങളുടെ ആഴം കൂട്ടണമെന്ന ആവശ്യം ശക്തം
text_fieldsപുതുനഗരം മാങ്ങോടിനടുത്ത് മിച്ച ഭൂമി കുളം ആഴപ്പെടുത്തുന്ന തൊഴിലുറപ്പ് തൊഴിലാളികൾ
പുതുനഗരം: ചിറ്റൂർ താലൂക്കിലെ കുളങ്ങളുടെ ആഴം കൂട്ടണമെന്ന ആവശ്യം ശക്തമായി. താലൂക്കിൽ രണ്ടുവർഷമായി കുളങ്ങൾ ആഴപ്പെടുത്തൽ 20 ശതമാനത്തിൽ താഴെയായി.
കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മൂലം 60 ശതമാനത്തിലധികം പ്രവർത്തനങ്ങൾ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മന്ദഗതിയിലാണ്. വേനൽക്കാലങ്ങളിൽ നൂറിലധികം കിണറുകൾ നിർമിച്ചിരുന്ന ചിറ്റൂർ താലൂക്കിൽ കേന്ദ്രം നിയമം കർശനമാക്കിയതോടുകൂടി തൊഴിലുറപ്പ് പദ്ധതിയിൽ കിണർ നിർമാണം നിലച്ച അവസ്ഥയാണ്.
കാർഷികാവശ്യങ്ങൾക്കുള്ള കിണർ നിർമാണവും തൊഴിലുറപ്പ് നിയമങ്ങളിലെ നൂലാമാലകൾ മൂലം അവതാളത്തിലായി. പുതുനഗരത്ത് മക്കോടിനു സമീപം മിച്ചഭൂമി ആഴപ്പെടുത്തൽ ഊർജിതമായത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശ്വാസമായി. വീട്ടിയോട് മിച്ചഭൂമി കുളമാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആഴം കൂട്ടുന്നത്.
മുതലമട, കൊല്ലങ്കോട്, എടവഞ്ചേരി, പല്ലശ്ശന, പെരുവെമ്പ്, കൊടുവായൂർ, പുതുനഗരം, പട്ടഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും അധീനതയിൽ 100ലധികം കുളങ്ങളാണ് ഉള്ളത്. ചില കുളങ്ങൾ മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമാണ്. നിരവധി ആളുകൾ കുളിക്കാൻ ഉപയോഗിച്ചിരുന്ന കുളങ്ങൾ പോലും ശുചീകരിക്കാത്തതിനാൽ ഉപയോഗ ശൂന്യമായി. ജില്ലയിൽ സ്വകാര്യ കുളങ്ങൾ ഉൾപ്പെടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആഴം കൂട്ടാനും വശങ്ങൾ ശക്തിപ്പെടുത്തുവാനും തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

