ചെർപ്പുളശ്ശേരിയിൽ നാല് വീടുകളിൽ മോഷണം
text_fieldsമുണ്ടൂരിൽ മോഷണം
ചെർപ്പുളശ്ശേരി: ടൗണിലെ പത്താം മൈലിലെ അടുത്തടുത്ത നാല് വീടുകളിൽ മോഷണം. വീട്ടുകാർ വീടുപൂട്ടി വിവിധ ആവശ്യങ്ങൾക്കായി പുറത്തുപോയ സന്ദർഭത്തിലാണ് മോഷണം. കോൽപ്പാട്ടിൽ നാരായണൻകുട്ടി, കോൽപ്പാട്ടിൽ രാമചന്ദ്രൻ, സുധാ നിവാസിലെ സുധാകരൻ, ദേവി ബാലചന്ദ്രയിലെ ദേവി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
കോൽപ്പാട്ടിൽ നാരായണൻകുട്ടിയും കുടുംബവും പാലക്കാട്ട് വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചുവന്നപ്പോൾ വീടിന്റെ വാതിൽ തകർത്ത നിലയിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയും തകർത്ത നിലയിൽ കാണപ്പെട്ടു. സ്വർണവും പൈസയും കൂടെ കൊണ്ടുപോയതിനാൽ നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ, അലമാരയും മറ്റു വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിൽ കണ്ടെത്തി. കോൽപ്പാട്ടിൽ രാമചന്ദ്രന്റെ വീട്ടുകാർ ഭാര്യ വീട്ടിലേക്ക് പോയതായിരുന്നു. വീട് തുറന്ന് കിടക്കുന്നത് കണ്ട് ബന്ധുക്കൾ വിളിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഒരു പവന്റെ കൈചെയിൻ നഷ്ടപ്പെട്ടിട്ടുണ്ട്. സുധാ നിവാസിലെ സുധാകരനും കുടുംബവും ആലുവയിലെ മകളുടെ വീട്ടിലായിരുന്നു. വില കൂടിയ രണ്ട് വാച്ചുകളും ഒന്നേകാൽ പവന്റെ കമ്മലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ദേവിയുടെ വീട്ടിൽനിന്ന് ഒന്നും നഷ്ടപ്പെട്ടതായി ആദ്യ അന്വേഷണത്തിൽ കണ്ടെത്തിയില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

