പകുതി വിലയിൽ നാട് മുഴുവൻ കുടുങ്ങി
text_fieldsപാലക്കാട്: പകുതി വിലക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ, കംപ്യൂട്ടർ എന്നിവ വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ഞൂറിലേറെ പരാതികൾ ലഭിച്ചതായി ജില്ല പൊലീസ് മേധാവി അജിത്കുമാർ അറിയിച്ചു. ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ പരാതികൾ വന്നുകൊണ്ടിരിക്കുകയാണ്. ഇരകളുടെ മൊഴി രേഖപ്പെടുത്തി, രേഖകൾ പരിശോധിച്ചുവരികയാണെന്ന് അജിത്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ജില്ല പൊലീസ് മേധാവിയുടെ കണക്ക് അഞ്ഞൂറിലൊതുങ്ങുമെങ്കിലും പരാതിക്കാരായി ആളുകളെ ചേർത്ത് ഇടനിലക്കാരായി നിന്ന വിവിധ സന്നദ്ധസംഘടനകൾ കൂടി എത്തിയതോടെ അവർ വഴി ചേർത്തവരെ കൂടി ഇരകളായി കണക്കാക്കുമ്പോൾ പരാതിക്കാരുടെ എണ്ണം രണ്ടായിരം കവിയും. ജില്ലയിലെ 13 ഏജൻസികളാണ് നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷനിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ എട്ട് സംഘടനകൾ വാഹനത്തിനായി പണം അടച്ചിരുന്നു. ഇവരിൽ പലരും പരാതിക്കാരായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, പരാതിപ്പെടാതെ ഇരിക്കുന്നവരാണ് കബളിപ്പിക്കപ്പെട്ടവരിൽ ഏറെയും.
നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം, സിറ്റിസൺസ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ പേരിലാണ് ജില്ലയിൽ വ്യാപക നിക്ഷേപതട്ടിപ്പ് നടന്നത്. സൂസുക്കി, യമഹ, ഹോണ്ട, ടി.വി.എസ് കമ്പനികളുടെ സ്കൂട്ടറുകൾ ആദ്യം രജിസ്റ്റർ ചെയ്ത ചിലർക്ക് നൽകി പ്രചാരണം നൽകിയാണ് ബാക്കിയുള്ളവരെ ചേർത്തത്.
കമ്പ്യൂട്ടർ വിൽപനയും വ്യാപകമായി നടത്തിയിട്ടുണ്ട്. ഫോട്ടോ, ആധാർ കാർഡ് കോപ്പി, ജനന തിയതി രേഖ എന്നിവ സഹിതമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രേഖകൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് കബളിപ്പിക്കപ്പെട്ടവർ ആശങ്കപ്പെടുന്നു. യാക്കരയിലും മറ്റുമായി ഡിസംബർ- ജനുവരി മാസങ്ങളിൽ സ്നേഹ സംഗമങ്ങൾ നടത്തുകയും പ്രമുഖരെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. ഇവ കൂടാതെ ഗൃഹോപകരണങ്ങൾ, ടാബ്, ജൈവവളം, സ്കൂൾ കിറ്റ്, വാട്ടർ പ്യൂരിഫയർ വിതരണം, ടൈലറിങ് മെഷീൻ, സൈക്കിൾ എന്നിവയുടെ പേരിലും തുക സമാഹരിച്ചിട്ടുണ്ട്. ചിലർക്ക് ഇവ കിട്ടിയതായി സാക്ഷ്യപ്പെടുത്തുമുണ്ട്.
രാഷ്ട്രീയക്കാർ ഇടനിലക്കാരായി പ്രവർത്തിച്ചതിനാൽ പലയിടത്തും പരാതിയുമായി രംഗത്തെത്തിയവരെ അവർ ഇടപെട്ട് പിന്തിരിപ്പിക്കുന്നു എന്ന ആരോപണമുണ്ട്. സംഘടനകളും രാഷ്ട്രീയ പാർട്ടികളും നേതാക്കളും ജനപ്രതിനിധികളും പ്രവർത്തനത്തിന് സഹകരിച്ചവരിൽ ഉണ്ട്. തട്ടിപ്പിനിരയായവരെ ഭീഷണിപ്പെടുത്തി പരാതി നൽകുന്നതിൽനിന്നും പിന്തിരിപ്പിക്കുന്നെന്നും ആരോപണമുണ്ട്.
നേരത്തെ സ്കൂട്ടർ വിതരണ പരിപാടികളിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തതിനാലാണ് പലരും വിശ്വസിച്ച് പണം നൽകിയത്. തുടക്കത്തിൽ നിരവധിയാളുകൾക്ക് പദ്ധതി പ്രകാരം ഉൽപന്നങ്ങൾ ലഭിച്ചിരുന്നു.
എന്നാൽ ആളുകളുടെ എണ്ണം വർധിച്ചതോടെ പദ്ധതി നിലക്കുകയായിരുന്നു. ജനുവരി 25ന് എല്ലാവർക്കും ഉൽപന്നങ്ങൾ നൽകുമെന്ന് കമ്പനി അധികൃതർ ഉറപ്പു നൽകിയിരുന്നു. പരാതിക്കാർക്ക് പണം തിരികെ നൽകാമെന്നും നടത്തിപ്പുകാർ പറഞ്ഞെങ്കിലും നൽകിയില്ല. ജനുവരി 24നാണ് പദ്ധതി നടത്തിപ്പ് ഏജൻസികൾ അവസാനമായി യോഗം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

