കാത്തിരിപ്പിന് അറുതി; തരിശില്‍ കുന്തിപുഴയോരത്ത് സംരക്ഷണഭിത്തി വരുന്നു
text_fieldsസംരക്ഷണ ഭിത്തി നിർമിക്കുന്ന കുന്തിപുഴയുടെ ഭാഗം
കുമരംപുത്തൂര്‍: കുന്തിപ്പുഴയുടെ ഗതിമാറ്റം ഭീഷണിയാകുന്ന കുമരംപുത്തൂര്‍ പഞ്ചായത്തിലെ വെള്ളപ്പാടം തരിശുഭാഗത്ത് പുഴയോരത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ നടപടികളായി. റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍നിന്ന് 75 ലക്ഷം രൂപയാണ് ഭിത്തിക്കായി അനുവദിച്ചത്. 40 മീറ്റര്‍ നീളം നാലു മീറ്റര്‍ ഉയരത്തിലും 77 മീറ്റര്‍ മൂന്നുമീറ്റര്‍ ഉയരത്തിലുമായി ആകെ 117 മീറ്ററാണ് ഭിത്തി നിര്‍മാണം.
കാസര്‍ഗോഡ് സ്വദേശിയാണ് കരാര്‍ ഏറ്റെടുത്തത്. ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍. ഇതോടെ, പുഴഗതിമാറിയൊഴുകി വീടുകളില്‍ വെള്ളം കയറിയും കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്യുന്ന പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. തരിശുഭാഗത്തിന്റെ എതിര്‍വശത്തുള്ള തത്തേങ്ങലം ഭാഗത്തും സമാനമായ പ്രശ്നം നേരിട്ടിരുന്നു. ഈഭാഗം പിന്നീട് സംരക്ഷണഭിത്തികെട്ടി സംരക്ഷിച്ചു. 2018ലെ പ്രളയത്തില്‍ ഗതിമാറിയൊഴുകിയ കുന്തിപ്പുഴയുടെ തരിശുഭാഗത്ത് പിന്നീടുള്ള മഴക്കാലങ്ങളിലെല്ലാം ഭീതിയായിരുന്നു.
വീടുകളിലേക്ക് വെള്ളംകയറുന്നതായിരുന്നു ഏറെ ആശങ്കപ്പെടുത്തിയത്. പത്തിലധികം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. ഇതിന് പുറമെ നിരവധികൃഷിയിടങ്ങളും പുഴ കവര്‍ന്നു കഴിഞ്ഞു. ഇത്തരത്തില്‍ ഏക്കര്‍കണക്കിന് കൃഷിയും ഭൂമിയും നശിച്ചു. പുഴയോരത്ത് സംരക്ഷണഭിത്തി നിര്‍മിച്ച് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം നാളുകളായുണ്ട്. വാര്‍ഡംഗം ഡി. വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ഇതിനുള്ള പരിശ്രമങ്ങളും നിരന്തരമായി നടന്നുവരികയായിരുന്നു.
സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് 2021ല്‍ ഇറിഗേഷന്‍ വകുപ്പിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 2023ല്‍ സ്റ്റേറ്റ് ഹൈലെവല്‍ കമീഷന്‍ ഓണ്‍ റിവര്‍മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വകുപ്പധികൃതര്‍ക്കും നിവേദനം നല്‍കിയിരുന്നു. സംരക്ഷണഭിത്തികെട്ടാനുള്ള അനുമതിയായതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

