സ്റ്റേഡിയം സ്റ്റാൻഡ് നടപ്പാതയിലെ ടൈലുകൾ തകർന്നു
text_fieldsപാലക്കാട് നഗരസഭ
സ്റ്റേഡിയം സ്റ്റാൻഡിനകത്തെ
നടപ്പാതയിലെ ടൈലുകൾ
തകർന്ന നിലയിൽ
പാലക്കാട്: നഗരസഭ സ്റ്റേഡിയം സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ സൂക്ഷിച്ചു നടന്നില്ലെങ്കിൽ ഏതു നിമിഷവും അപകടമുറപ്പ്. സ്റ്റാൻറിനകത്തെ നടപ്പാതകളിലെ ടൈലുകളിളകിയതാണ് യാത്രക്കാരുടെ ദുരിതത്തിന് കാരണം. ഒന്നരപ്പതിറ്റാണ്ടായിട്ടും സ്റ്റാൻറിൽ നവീകരണമൊന്നും നടന്നിട്ടില്ല. സ്റ്റാൻറിന്റെ പിൻവശത്തുള്ള നടപ്പാതകളിലെ ടൈലുകൾ പൂർണമായും തകർന്നിരിക്കുകയാണ്. ടൈലുകളിളകിയതിനാൽ കുഴികളും രൂപപ്പെട്ടു.
മുൻവശത്തെ സ്ഥിതിയും സമാനമാണ്. ടൈലുകളിളകിയ ഭാഗത്തെ അപകടമൊഴിവാക്കാനായി അടയാളം വെക്കേണ്ട സ്ഥിതിയാണ്. പിൻവശത്ത് പെരിങ്ങോട്ടുകുറുശ്ശി, പൊള്ളാച്ചി ബസ്സുകൾ നിർത്തുന്ന ഭാഗത്തെ നടപ്പാതയിലെ ടൈലുകൾ മുഴുവൻ തകർന്ന നിലയിലാണ്. അടഞ്ഞു കിടക്കുന്ന എൻക്വയറി കൗണ്ടറിനും, ഹോട്ടലിനു സമീപത്തും ടൈലുകൾ നാമാവശേഷമായി.
മഴക്കാലമായാൽ സ്ഥിതി ഇതിലും ഗുരുതരമായിരിക്കുമെന്നിരിക്കെ കാൽനടയാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ ഏതു നിമിഷവും കാലൊടിയുന്ന സ്ഥിതിയാണ്. പിൻവശത്ത് ട്രാക്കുകളിൽ മേൽക്കൂരയില്ലാത്തതിനാൽ മഴപെയ്യുമ്പോൾ വെള്ളം മുഴുവനും നടപ്പാതയിലാകും. ഇതോടെ തെന്നി വീഴലും പതിവാണ്.
കൊടുവായൂർ, നെന്മാറ ബസുകൾ നിർത്തുന്നതിന് പിന്നിലും നടപ്പാതയിലെ ടൈലുകൾ തകർന്ന നിലയിലാണ്. ദിനംപ്രതി നൂറക്കണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോവുന്ന സ്റ്റാന്റിൽ ഇരുവശത്തുമായി നാൽപതോളം കടകളാണുള്ളത്. കോടികൾ അഡ്വാൻസും പ്രതിമാസം ലക്ഷങ്ങൾ വാടകയും ലഭിക്കുന്ന നഗരസഭ സ്റ്റേഡിയം സ്റ്റാന്റിലെ നടപ്പാതകൾ നന്നാക്കി യാത്രക്കാരുടെ ‘നല്ലനടപ്പിനായി’നഗരസഭാധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യം ശകതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

