സമരം വിജയിച്ചു; കൊടുവായൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ഉടൻ
text_fieldsരാഷ്ട്രീയ ജനതാദൾ കൊടുവായൂർ സാമുഹിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടത്തിയ സമരം
വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനം കൊടുവായൂരിൽ നടത്തിയപ്പോൾ
കൊടുവായൂർ: ആശുപത്രിയുടെ മുന്നിൽ ആർ.ജെ.ഡി സംഘടിപ്പിച്ച സമരം ഒത്തുതീർന്നു. കിടത്തി ചികിത്സ മൂന്നു മാസത്തിനകം ആരംഭിക്കുമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീർപ്പായത്.കൊടുവായൂർ സാമുഹിക ആരോഗ്യ കേന്ദ്രത്തിലെ ശോച്യാവസ്ഥ പരിഹരിച്ച് കിടത്തി ചികിത്സ പുന:രാരംഭിക്കണമെന്നും, എക്സ്റേ മെഷീൻ പ്രവർത്തന സജ്ജമാക്കണമെന്നും അവശ്യ മരുന്നുകൾ ലഭ്യമാക്കണമെന്നും ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി ആറിനായിരുന്നു അനിശ്ചിത സത്യാഗ്രഹ സമരം ആരംഭിച്ചത്.
സമരക്കാരുമായി കഴിഞ്ഞ ദിവസം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ, കൊടുവായൂർ ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. സിന്ധു, ഡോ. സുരേഷ്, വിജു (ഹെൽത്ത് ഇൻപെക്ടർ ഇൻ ചാർജ്), സമരസമിതി നേതാക്കളായ എ. വിൻസെന്റ്, എം.എ. സുൽത്താൻ, എം.എം. വർഗീസ്, നൗഫിയ നസീർ, കെ. സ്വാമിനാഥൻ എന്നിവർ തമ്മിൽ നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്.
ഇതോടെ കൊടുവായൂരിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ചികിത്സക്കുള്ള ദീർഘകാല ആവശ്യമാണ് നടപ്പിലാകുന്നത്. ആർ.ജെ.ഡി പ്രവർത്തകർ കൊടുവായൂർ ബസ് സ്റ്റാൻഡിൽനിന്ന് ആശുപത്രിയുടെ മുൻവശത്തേക്ക് ആഹ്ലാദപ്രകടനം നടത്തുകയും പൊതുയോഗം സംഘടിപ്പിക്കുകയും ചെയ്തു. പൊതുയോഗം എം.സുഗതൻ ഉദ്ഘാടനം ചെയ്തു. പാർട്ടി കൊടുവായൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു.കെ.ജെ. ഫ്രാൻസിസ്, എം.എ.സുൽത്താൻ, എം.എം.വർഗീസ്, നൗഫിയ നസീർ, കെ.സൂര്യരാജ്, വൈക്കം ശശിവർമ, മഹിള ജനതാ ജില്ല പ്രസിഡന്റ് എസ്. വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. കൊടുവായൂർ പഞ്ചായത്ത് സെക്രട്ടറി കെ.സുധാകരൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

