ആ ലൈറ്റ് ഒന്ന് നന്നാക്കുമോ?, ഇരുട്ട് നിറഞ്ഞ് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ്
text_fieldsസ്റ്റേഡിയം സ്റ്റാൻഡിന് മുന്നിൽ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റ്
പാലക്കാട്: നേരമിരുട്ടിയാൽ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ കയറണമെങ്കിൽ കൈയിൽ വെളിച്ചം വേണം. മഴക്കാലത്താണെങ്കിൽ ദുരിതം ഇരട്ടിക്കും. മാസങ്ങൾക്ക് മുമ്പേ കണ്ണടച്ചതാണ് സ്റ്റാൻഡിന് മുന്നിലെ ഹൈമാസ്റ്റ് ലൈറ്റ്. നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാരടക്കമുള്ളവർ സ്റ്റേഡിയം സ്റ്റാൻഡിലെത്തിയാണ് ബസ് കയറുന്നത്. സ്റ്റാൻഡ് ഇരുട്ടിലായതോടെ യാത്രയും ബുദ്ധിമുട്ടിലായതായി ഇവർ പറയുന്നു. പരിസരത്ത് തെരുവുനായ് ശല്യവും രൂക്ഷമാണ്. ഇരുട്ടിനൊപ്പം നായ്ക്കളെയും ഭയക്കേണ്ട സ്ഥിതി. വൈകുന്നേരമായാൽ കൈയിൽ ടോർച്ചുമായി നടക്കേണ്ട സാഹചര്യമാണെന്ന് തൊഴിലാളികളും സ്റ്റാൻഡിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും പറയുന്നു.
തെരുവുവിളക്ക് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണമടക്കം നടത്തിയെങ്കിലും നടപടി എങ്ങുമെത്തിയിട്ടില്ല. നാലു വർഷം മുമ്പാണ് കോർപറേഷന്‍റെ കീഴിൽ സ്ട്രീറ്റ് ലൈറ്റ് ഇവിടെ സ്ഥാപിച്ചത്.
മംഗലം ഡാം: ടൗണും ഇരുട്ടിൽ
മംഗലം ഡാം: ടൗണിൽ മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെളിച്ചമേകുന്നത് ഒന്നുമാത്രം. പുതുതായി ഉദ്യാന കവാടത്തിന് സമീപം ഓട്ടോ സ്റ്റാൻഡിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ടൗണിൽ ബസ് സ്റ്റോപ്പിനടുത്തുള്ള ലൈറ്റ് പൂർണമായും അണഞ്ഞിട്ട് ഒരു വർഷത്തിലധികമായി. ലൂർദ് മാതാ സ്കൂൾ ഭാഗത്തെ വെയിറ്റിങ് ഷെഡിന് സമീപത്തുള്ളതിൽ ഒരു ലൈറ്റ് മാത്രമാണ് പ്രകാശിക്കുന്നത്. ബാക്കി എല്ലാം അണഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ ടൗണിൽ ഇരുട്ടുപരക്കുന്ന അവസ്ഥയാണ്. പുലർച്ചെ പുറപ്പെടുന്ന ബസ് യാത്രക്കായി ടൗണിലെത്തുന്ന സ്ത്രീകളടക്കമുള്ളവർക്ക് വെളിച്ചമില്ലാത്ത പരിസരം ഭയമുളവാക്കുന്നു. ഹൈമാസ്റ്റ് ലൈറ്റുകൾക്ക് പുറമെ പരിസര പ്രദേശങ്ങളിലെ തെരുവുവിളക്കുകൾ പലതും അണഞ്ഞിട്ട് മാസങ്ങളായിട്ടും പരിഹാരമില്ല. മംഗലം ഡാം ടൗണിലും പരിസരത്തും തകരാറിലായ മുഴുവൻ തെരുവുവിളക്കുകളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

