പുഴയിൽ കാണാതായ 15കാരനായി തിരച്ചിൽ തുടരും
text_fieldsrepresentation image
പാലക്കാട്: കൽപ്പാത്തിപ്പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ 15കാരനായുള്ള തിരച്ചിൽ വെള്ളിയാഴ്ചയും തുടരും. ബുധനാഴ്ച അഞ്ചോടെ ഗോവിന്ദരാജപുരം അണക്കെട്ടിന് താഴെയാണ് കോയമ്പത്തൂർ തുടിയല്ലൂർ സ്വദേശി ഉദയശങ്കറിന്റെ മകൻ കെൽഷാവിൻ ഒഴുക്കിൽപെട്ടത്. കൽപ്പാത്തി കുന്നുംപുറത്തെ ബന്ധുവീട്ടിൽ വന്നതായിരുന്നു. തുടിയല്ലൂർ സ്കൂളിൽ പത്താംതരം വിദ്യാർഥിയാണ് കെൽഷാവിൻ.
വൈകീട്ട് വീട്ടിലേക്ക് മടങ്ങാനിരുന്നതാണെങ്കിലും ചെറിയച്ഛൻ വിനോദ് കുമാറിനൊപ്പം കെൻഷാവിനും അനിയൻ ടോണിയും കുളിക്കാൻ പുഴയിലേക്ക് പോയി.
മറ്റു രണ്ടുപേർ കുളികഴിഞ്ഞ് കടവിൽനിന്ന് കയറാനിരിക്കെ, പുഴയിലേക്കിറങ്ങിയ കെൻഷാവിൻ ഒഴുക്കിൽപെടുകയായിരുന്നുവെന്ന് നോർത്ത് പൊലീസ് പറഞ്ഞു. വിനോദ് കുമാർ വെള്ളത്തിലേക്ക് ചാടിയെങ്കിലും കുത്തൊഴുക്കുമൂലം രക്ഷിക്കാൻ കഴിഞ്ഞില്ല. മരക്കൊമ്പിൽ തടഞ്ഞ് രക്ഷപ്പെടാനാവാതെ നിലവിളിച്ച വിനോദ് കുമാറിനെ നാട്ടുകാർ ചേർന്നാണ് കരക്കെത്തിച്ചത്.
പ്രതികൂല കാലാവസ്ഥയും ശക്തമായ ഒഴുക്കും കാരണം ബുധനാഴ്ച രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. വ്യാഴാഴ്ച സ്കൂബ ഡൈവിങ് സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടർന്നെങ്കിലും കെൽഷാവിനെ കണ്ടെത്താനായില്ല. വെള്ളിയാഴ്ചയും തിരച്ചിൽ തുടരുമെന്ന് അഗ്നിരക്ഷ സേന പാലക്കാട് സ്റ്റേഷൻ ഓഫിസർ ജോബി ജേക്കബ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

