പീനൽ ഡെമറേജ്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ചരക്ക് വരവ് കുറഞ്ഞു
text_fieldsപാലക്കാട്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പീനൽ ഡെമറേജ് നടപ്പാക്കിയതോടെ ചരക്ക് വരവ് കുറഞ്ഞു. ഫെബ്രവരി 12 മുതലാണ് ഇത് റെയിൽവേ നടപ്പാക്കിയത്. വാഗണിൽ ചരക്ക് വന്നാൽ അവ ഇറക്കുന്നതിന് അഞ്ച് മുതൽ ഒമ്പത് മണിക്കൂർ വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയം കഴിഞ്ഞാൽ ഒരു വാഗണിന് മണിക്കൂറിന് 150 രൂപ ഡെമറേജായി നൽകണം. എന്നാൽ, ഫെബ്രവരി 12 മുതൽ ഡെമറേജ് സമയം മൂന്ന് മണിക്കൂറായി ചുരുക്കി. മാർച്ച് 23, ഏപ്രിൽ 12 തീയതികളിൽ റെയിൽവേ ഇറക്കിയ ഉത്തരവ് പ്രകാരം പീനൽ ഡെമേറജ് ഒരു വാഗണ് മണിക്കൂറിൽ ആറ് ഇരട്ടി വർധിപ്പിച്ച് 900 രൂപയാക്കി ഉയർത്തി.
രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയാണ് നിലവിലെ പ്രവൃത്തിസമയം. 24 മണിക്കൂറും പണിയെടുക്കാനാണ് ഏപ്രിൽ 12ന് ഇറക്കിയ ഉത്തരവിൽ പറയുന്നത്. 24 മണിക്കൂറും പണിയെടുക്കണമെന്നത് സർക്കാറിന്‍റെ ചുമട്ടുതൊഴിലാളി നിയമത്തിന് വിരുദ്ധമാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. കാർഷികാവശ്യങ്ങൾക്കുള്ള വളം കൊണ്ടുവരുന്ന വാഗണുകളെ പീനൽ ഡെമറേജിൽനിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇറക്കിയ ഉത്തരവിൽ ഇവയെയും ഇതിലുൾപ്പെടുത്തി. ഇതിനെതിരെ ഫാക്ട്, ഇഫ്കോ കമ്പനി അധികൃതർ റെയിൽവേയെ പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു. രാവിലെ എത്തുന്ന വാഗണിൽനിന്ന് മാത്രമേ റെയിൽവേ അനുവദിച്ച സമയത്തിനുള്ളിൽ ചരക്ക് ഇറക്കി കാലിയാക്കാൻ കഴിയൂ. ഉച്ചക്കുശേഷമോ വൈകീട്ടോ എത്തുന്ന വാഗണുകളിൽ നിന്ന് ഇതിന് കഴിയാറില്ലെന്ന് ഈ മേഖലയിലെ കരാറുകാർ പറയുന്നു.
ഭീമമായ സംഖ്യ പീനൽ ഡെമറേജായി റെയിൽവേക്ക് നൽകി വാഗൺ വഴി ചരക്ക് കൊണ്ടുവരാൻ കമ്പനിക്കാർ തയാറല്ല. പീനൽ ഡെമറേജ് നടപ്പാക്കിയതോടെ പാലക്കാട് ഡിവിഷൻ പരിധിയിലേക്ക് വരുന്ന ചരക്കിൽ ഗണ്യമായ കുറവ് വന്നതായും ഏപ്രിലിൽ ഏഴ് ദിവസം മാത്രമാണ് ചരക്ക് വന്നതെന്നും പാലക്കാട് റെയിൽവേ ഗുഡ്സ് ഷെഡ് ക്ലിയറിങ് ആൻഡ് ഫോർവേഡിങ് ഏജൻസി അസോസിയേഷൻ പ്രസിഡന്‍റ് എ. മുഹമ്മദ് യൂനുഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
