പഴയ ജൂനിയർ പട ഒത്തുചേർന്നു; മൂന്ന് ദശാബ്ദങ്ങൾക്കുശേഷം
text_fields1988ൽ നാഷനൽ ചാമ്പ്യൻഷിപ് കളിച്ച കേരള സ്റ്റേറ്റ് ജൂനിയർ ടീം അംഗങ്ങൾ പാലക്കാട്
നൂറണി ടർഫിൽ സെൽഫിക്ക് പോസ് ചെയ്യുന്നു
പാലക്കാട്: മീനമാസത്തിലെ കത്തുന്ന സൂര്യന് താഴെ, ചൂടുള്ള പാലക്കാടൻ മണ്ണിൽ വീണ്ടും അവർ ഒത്തുചേർന്നു, മൂന്ന് ദശാബ്ദം മുമ്പുള്ള കുളിരാർന്ന ഒാർമകൾ പങ്കുവെക്കാൻ. പഴയ ജൂനിയർ സ്റ്റേറ്റ് കേരള ടീം അംഗങ്ങളാണ് ഒത്തുചേർന്നത്. അന്ന് ടീമിൽ കളിച്ച പലരും പിന്നീട് ഇന്ത്യൻ ടീമിലും മറ്റു പ്രമുഖ ടീമുകളിലും കളിച്ച് മൈതാനങ്ങൾ അടക്കിവാണു.
അവരിൽ പലരും ഇപ്പോൾ സർക്കാർ, അർധ സർക്കാർ, കേന്ദ്ര സർക്കാർ, സിനിമ-സീരിയൽ, ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ഫുട്ബാൾ എന്ന കളി ജീവനേക്കാൾ സ്നേഹിച്ച അവർ 33 വർഷത്തിനുശേഷം നാഷനൽ ചാമ്പ്യൻഷിപ്പിന് വേദിയായ പാലക്കാടാണ് വീണ്ടും ഒരുമിച്ചത്. മൈതാനത്ത് പന്തുകൊണ്ട് ഇന്ദ്രജാലം വിരിയിച്ച പഴയ കാലം അവരുടെ ഒാർമകളിൽ മിന്നിമറഞ്ഞു. അകാലത്തിൽ വേർപിരിഞ്ഞ സഹകളിക്കാരൻ സാബുവിനെ ഒാർത്ത് അവർ കണ്ണ് നിറച്ചു. പിന്നിട്ട കാലം ഒാരോരുത്തരും ഒാർമയിൽനിന്ന് ചികഞ്ഞെടുത്തു. കുടുംബവിശേഷങ്ങൾ പങ്കുവെച്ചു.
1988ൽ പാലക്കാട് ആതിഥേയത്വം വഹിച്ച നാഷനൽ ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനുവേണ്ടി മൂന്ന് സോണുകളിലായാമ് സെലക്ഷൻ നടന്നിരുന്നതെന്ന് ടീം അംഗങ്ങൾ ഒാർക്കുന്നു. അതിൽനിന്ന് 50 പേരെ തിരഞ്ഞെടുത്ത് കാൽപന്ത് കളിയുടെ ഈറ്റില്ലമായ മലപ്പുറത്ത് ഇന്ത്യൻ ആർമി പരിശീലകൻ ആൻഡ്രൂസിെൻറ ശിക്ഷണത്തിൽ പട്ടാള ചിട്ടയിൽ ഊന്നിയ പരിശീലനം. ഒടുവിൽ കാച്ചികുറുക്കിയ 22 പേരുമായി പോരാട്ടത്തിനായി പാലക്കാടൻ മണ്ണിൽ. 22 അംഗ ടീമിനെ അന്ന് നയിച്ചത് ഫസൽ റാസി. ഹബീബ് റഹ്മാൻ, ശ്രീനിവാസൻ, രാജേഷ്, ഹാഷിം, മാർട്ടിൻ, വിനയകുമാർ, ജോണി, സിയാദ്, ബാബുലാൽ, നഹാസ്, ഷരീഫ്, ഫിറോസ്, അസീസ്, സാബു, ജോസഫ്, ഫ്രാൻസിസ് സേവ്യർ, യാഷിൻ, ഹുസൈൻ, ഇസ്ഹാഖ്, അലി അസ്ക്കർ, യൂസഫ് തുടങ്ങിയവരായിരുന്നു സഹ താരങ്ങൾ. മുൻ കേരള ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ബോധാനന്ദൻ ആയിരുന്നു ടീം മാനേജർ. 1988 ഡിസംബർ നാലിന് പുതുച്ചേരിയെ തറപറ്റിച്ച് ജൈത്രയാത്ര ആരംഭിച്ചു.
സെമിഫൈനൽ വരെ എത്തിയ ടീം, കൊൽക്കത്ത കളിക്കാരുമായി ഇറങ്ങിയ റെയിൽവേസിനോട് പൊരുതി കീഴടങ്ങി. പാലക്കാട്ട് അന്ന് കേരള ടീമംഗങ്ങൾ താമസിച്ച റോയൽ ഹോട്ടലിൽ (ഇന്നത്തെ റോയൽ റിട്രീറ്റ്) വെള്ളിയാഴ്ച രാത്രി അന്തിയുറങ്ങിയ താരങ്ങൾ ശനിയാഴ്ച രാവിലെ നൂറണി ടർഫിൽ ഒാറഞ്ചുനിറമുള്ള കേരള ടീം ജഴ്സിയും ബൂട്ടുമണിഞ്ഞ് ഒരിക്കൽകൂടി പന്തുതട്ടാനിറങ്ങി.
മഞ്ഞ ജഴ്സി അണിഞ്ഞെത്തിയ പ്രസ്ക്ലബ് ടീമുമായി പ്രദർശന മത്സരവും പൂർത്തിയാക്കിയാണ് അവർ പാലക്കാടിനോട് വിട െചാല്ലിയത്. ജില്ലയിലെ ഫുട്ബാൾ പ്രേമികളും പഴയ താരങ്ങളും പഴയ ജൂനിയർ ടീം അംഗങ്ങൾക്ക് വീരോചിത സ്വീകരണമാണ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

