അറ്റകുറ്റപ്പണിയുടെ കാലാവധി പൂർത്തിയായി; മലയോരപാത പ്രതീക്ഷയിൽ കുമരംപുത്തൂർ-ഒലിപ്പുഴ റോഡ്.
text_fieldsമണ്ണാര്‍ക്കാട്: നിർദിഷ്ട മലയോരപാതയുടെ ഭാഗമായ കുമരംപുത്തൂർ -ഒലിപ്പുഴ സംസ്ഥാന പാതയുടെ അറ്റകുറ്റപ്പണികളുടെ കാലാവധി പൂർത്തിയായി. മലയോരപാത നിർമാണം ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. സംസ്ഥാനപാതയില്‍ അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ പഞ്ചായത്ത് അതിര്‍ത്തി വരെയുള്ള ഭാഗത്ത് റോഡിന്റെ തകർച്ച യാത്രക്ക് വെല്ലുവിളിയായിരുന്നു. അരിയൂർ പാലത്തിന് സമീപം, കോട്ടോപ്പാടം ടൗണിന് സമീപം, ഭീമനാട് ഭാഗം, അലനല്ലൂര്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം നിറയെ കുഴികളുണ്ടായിരുന്നു. കുഴിയിൽ ചാടി അപകടം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ വര്‍ഷം രണ്ട് പേരുടെ ജീവന് പാതയില്‍ പൊലിഞ്ഞിരുന്നു. റോഡിലെ കുഴികള്‍ ജീവനെടുത്തതോടെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു. തുടര്‍ന്നാണ് റോഡിന്റെ പരിപാലന ചുമതല പൊതുമരാമത്ത് വകുപ്പ് മെയിന്റനന്‍സ് വിഭാഗത്തെ ഏല്‍പ്പിച്ചത്. ഇവര്‍ ഒന്നിലധികം തവണ ടെന്‍ഡര്‍ ചെയ്തതിനെ തുടര്‍ന്നാണ് പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാരനെ കിട്ടിയത്. 2022 സെപ്റ്റംബര്‍ ഒമ്പതിന് കരാറാവുകയും പാതയില്‍ പരിപാലന പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു.
ഈ വര്‍ഷം സെപ്റ്റംബറിലാണ് കരാര്‍ കാലാവധി അവസാനിച്ചതെങ്കിലും മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കുകയായിരുന്നു.
ഒരു വര്‍ഷത്തിനിടെ കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയുടെ പരിപാലനത്തിനായി പൊതുമരാമത്ത് വകുപ്പ് മെയിന്റനന്‍സ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ 30 ലക്ഷത്തിലധികം രൂപ ചെലവഴിക്കുകയും ചെയ്തു. രണ്ട് തവണ ടാര്‍ ഉപയോഗിച്ചുള്ള അറ്റകുറ്റപണിയും മൂന്ന് തവണ ബോള്‍ഡറും മറ്റുമിട്ട് കുഴികള്‍ അടയ്ക്കുകയും ചെയ്തു. കൂടാതെ മഴക്കാലത്ത് പാതയോരത്തെ അഴുക്കുചാല്‍ വൃത്തിയാക്കല്‍, കാട് വെട്ടി നീക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് ഇത്രയും തുക ചെലവഴിച്ചത്. 16 കിലോമീറ്റര്‍ ദൂരത്തില്‍ 13.5 കിലോമീറ്റര്‍ ഭാഗം മെയിന്റനന്‍സ് വിഭാഗവും അവശേഷിക്കുന്ന ഭാഗം കുമരംപുത്തൂര്‍ സെക്ഷനുമാണ് അറ്റകുറ്റപ്പണി നടത്തിയത്. കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാത മലയോരപാതയായി മാറാന്‍ പോവുകയാണ്.
കഴിഞ്ഞ മാസം അലനല്ലൂരില്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മലയോരപാത നിര്‍മാണം മൂന്ന് മാസം കൊണ്ട് ആരംഭിക്കുമെന്നാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

