തച്ചമ്പാറക്കടുത്ത് ചരക്കുലോറിയും ബസും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്
text_fieldsതച്ചമ്പാറ: ചരക്കുലോറിയും വനം-വന്യജീവി വകുപ്പിന്റെ ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരടക്കം 28 പേർക്ക് പരിക്ക്. ദേശീയപാതയിൽ തച്ചമ്പാറക്കടുത്ത് മുള്ളത്ത്പാറ വളവിൽ മണ്ണാർക്കാട് ഭാഗത്തുനിന്ന് നാമക്കല്ലിലേക്ക് തേങ്ങ കയറ്റി പോവുകയായിരുന്ന ലോറിയും വാളയാർ എസ്.എഫ്.ടി.ഐ പരിശീലന കേന്ദ്രത്തിൽനിന്ന് നിലമ്പൂരിലേക്ക് പരിശീലനത്തിന് പോകുന്ന 32 പേർ സഞ്ചരിച്ച ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി നടുറോഡിൽ മറിഞ്ഞു. ബസ് ദേശീയപാത വക്കിലെ ബാരിക്കേഡിൽ ഇടിച്ചുനിന്നു. ബസിനും കേടുപാട് പറ്റി.
വെള്ളിയാഴ്ച രാവിലെ ഏഴരക്കാണ് സംഭവം. ഉച്ചക്ക് 12.30ഓടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കി. ഇതിനിടയിൽ അരമണിക്കൂർ നേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ആശുപത്രിയിൽ ചികിത്സ തേടിയവരെ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു.
കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി. മണ്ണാർക്കാട്ടുനിന്ന് അഗ്നിരക്ഷ സേന സ്ഥലത്തെത്തി മറിഞ്ഞ ലോറിയിൽ നിന്ന് റോഡിലേക്ക് ഒഴുകിയ എണ്ണ നീക്കം ചെയ്ത് അപകടാവസ്ഥ ഒഴിവാക്കി. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർ: ബസ് യാത്രക്കാരായ വാളയാർ ദീപാ ലക്ഷ്മി (32), ഹേമന്ദ് (27), അഞ്ജിത (27). ഇവരിൽ ഒരാളുടെ കൈ എല്ലിന് പൊട്ടുണ്ട്.
തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർ: വയനാട് സ്വദേശി അഭിജിത്ത്, കോഴിക്കോട് സ്വദേശി സാരംഗ്, മലപ്പുറം സ്വദേശി നജ്ലുദ്ദീൻ, വയനാട് സ്വദേശി സന്തോഷ്, തൃശൂർ സ്വദേശി അയ്യപ്പദാസ്, വാളയാർ സ്വദേശി മനു, പാലക്കാട് സ്വദേശി ക്രിസ്റ്റി, വാളയാർ പരിശീലന കേന്ദ്രത്തിലെ രാകേഷ്, ജോബിൻ, ജെറിൻ, ആൽബിൻ, സനൽ കുമാർ, അഖിൽ, അനൂപ് ഡി. ജോൺ, ജോസ് ആന്റണി, സി.പി. അനൂപ്, എസ്. ഷിജു, ത്യാഗരാജ്, സുചിത്ര, അശ്വതി, അഭിഷേക്, ഇരിങ്ങാലക്കുട സ്വദേശി അസ്ഹറുദ്ദീൻ, വയനാട് സ്വദേശി നിതിൻ, നിലമ്പൂർ സ്വദേശി ജയേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

