തൃപ്പാളൂർ തൂക്കുപാലം കൈവരികൾ നന്നാക്കി
text_fieldsആലത്തൂർ: ഉദ്ഘാടന ദിവസം തന്നെ തൂക്കുപാലത്തിന്റെ കൈവരി പൈപ്പുകളുടെ വെൽഡിങ് തകർന്നത് നന്നാക്കി. കാലുകളിൽ ഘടിപ്പിച്ച കൈവരി പൈപ്പുകളുടെ മുകളിലൂടെ ‘യു’ ടൈപ്പ് ആങ്കിൾ വെച്ചാണ് നന്നാക്കിയത്. ഇനി കാലുകളിലെ വെൽഡിങ് വിട്ടാലും പൈപ്പ് താഴെ വീഴില്ല.
എരിമയൂർ ഗ്രാമപഞ്ചായത്തിലെ തൃപ്പാളൂർ തേനാരി പറമ്പിൽ ഗായത്രി പുഴക്ക് കുറുകെ ശിവക്ഷേത്രത്തിലേക്ക് നിർമിച്ച തൂക്കുപാലത്തിന്റെ കൈവരി പൈപ്പുകളിൽ ചിലതാണ് വെൽഡിങ് വേർപ്പെട്ടത്. നേരത്തെ തന്നെ വെൽഡിങ് തകർന്നിരുന്നു. അത് ശ്രദ്ധിക്കാതെ പെയിന്റടിച്ച് തൂക്കുപാലം ഉദ്ഘാടനത്തിന് സജ്ജീകരിക്കുകയായിരുന്നു.തൂക്കുപാലം തുറക്കും മുമ്പേ അറ്റകുറ്റപ്പണി വേണ്ടി വരുമെന്ന് മാധ്യമം വാർത്ത നൽകിയിരുന്നു.
ചില കാലുകളിലെ വെൽഡിങ് മാത്രമാണ് നേരത്തെ വിട്ടിരുന്നതെങ്കിൽ ഉദ്ഘാടനം കഴിഞ്ഞ് ആളുകൾ നിയന്ത്രണമില്ലാതെ സഞ്ചരിച്ചതോടെയാണ് കൂടുതൽ കാലുകളിലെ വെൽഡിങ് വിടാൻ തുടങ്ങിയത്. വെൽഡിങ് വിട്ട പൈപ്പുകൾ പുഴയിൽ വീഴാതിരിക്കാൻ പാലത്തിൽ നിന്നെടുത്ത് താഴെ വെച്ചിരുന്നു.ശിവക്ഷേത്രത്തിലെ ദീപാവലി വാവ് ഉൽസവമായതുകൊണ്ട് ക്ഷേത്രത്തി ലേക്ക് നൂറ് കണക്കിനാളുകളാണ് എത്തിയിരുന്നത്. ഇവരെല്ലാം പുതിയ തൂക്കുപാലം വഴിയാണ് സഞ്ചരിച്ചത്.
പരിധിയിൽ കവിഞ്ഞ് ആളുകൾ പാലത്തിൽ കയറിയതോടെ പാലത്തിന് കുലുക്കവും ആട്ടവും വന്നിരുന്നു. പാലത്തിന്റെ ശേഷിയനുസരിച്ച് ആളെ നിയന്ത്രിക്കാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നില്ല. പാലം നിർമിച്ചിട്ടുള്ള പൈപ്പുകൾ തമ്മിലുള്ള അകലം കൂടുതലായതിനാൽ വിടവിലൂടെ കുട്ടികൾ പുഴയിലേക്ക് വീഴാൻ സാധ്യതയുണ്ട്. ഇവിടെ കമ്പി വല സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

