തച്ചനാട്ടുകരയിലെ ഹരിതകർമസേന പറന്നൂ, സ്വപ്നച്ചിറകിലേറി
text_fieldsതച്ചനാട്ടുകര: നാടിനെ മാലിന്യമുക്തമാക്കുന്ന മുന്നണി പോരാളികൾക്ക് ഗ്രാമപഞ്ചായത്തിന്റെ സ്നേഹസമ്മാനമായി ആകാശയാത്ര. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങൾക്കാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം സ്വപ്നയാത്രയൊരുക്കിയത്. ഗ്രാമപഞ്ചായത്തിലെ വീടുകൾ തോറും കയറിയിറങ്ങി പ്രതികൂല കാലാവസ്ഥയിലും മാലിന്യ ശേഖരണം നടത്തുന്ന പഞ്ചായത്തിലെ 16 വാർഡുകളിൽനിന്നുമുള്ള 30 ഹരിതകർമ സേനാംഗങ്ങളാണ് വിമാന യാത്രയിൽ പങ്കാളികളായത്.
69 വയസ്സുകാരിയായ രത്നകുമാരിയും 66 കാരിയായ ഖദീജയും ഉൾപ്പെടെയുള്ളവരാണ് ജീവിതത്തിലാദ്യമായി വിമാനത്തിൽ കയറിയത്. കരിപ്പൂരിൽനിന്ന് രാവിലെ കൊച്ചിയിലേക്കാണ് വിമാനയാത്ര നടത്തിയത്. തുടർന്ന് കൊച്ചിൻ മെട്രോ, ബോട്ട് സർവിസ്, വാട്ടർ മെട്രോ, ലുലുമാൾ, സുഭാഷ് പാർക്ക് തുടങ്ങി ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന വിസ്മയ കാഴ്ചകൾ യാത്രാംഗങ്ങൾക്ക് പുത്തൻ അനുഭവമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം, ജനപ്രതിനിധികളായ സി.പി. സുബൈർ, തങ്കം മഞ്ചാടിക്കൽ, എ.കെ. വിനോദ്, ഇ.എം. നവാസ്, കോഓഡിനേറ്റർ പി. റാഷിദ് എന്നിവരും യാത്രയിൽ പങ്കാളിയായി. സ്പോൺസർമാരെ കണ്ടെത്തിയാണ് യാത്രക്കുള്ള ചെലവ് തുക സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

