വൈറലാകലല്ല, ലക്ഷ്യം കോവിഡ് മുക്ത നാട്
text_fieldsഎൻ.സി. കൃഷ്ണപ്രസാദ്
പാലക്കാട്: കോവിഡ് കണക്കുകൾ ഫേസ്ബുക്ക് അക്കൗണ്ട് വഴി അപ്ഡേറ്റ് ചെയ്തു തുടങ്ങിയപ്പോൾ അത് ഇത്ര വലിയതോതിൽ ആളുകൾ സ്വീകരിക്കുമെന്ന് കൃഷ്ണപ്രസാദ് കരുതിയിരുന്നില്ല. ഇന്നിപ്പോൾ ഇദ്ദേഹത്തിെൻറ പോസ്റ്റുകൾ 9175ൽ എത്തിനിൽക്കുകയാണ്. അതോടൊപ്പം വാട്സ്ആപ് സ്റ്റാറ്റസ് ആയും കൃഷ്ണപ്രസാദ് കോവിഡ് കണക്കുകൾ പങ്കുവെക്കുന്നു.
പഴമ്പാലക്കോട് സി.എച്ച്.സിയിലെ ക്ലർക്ക് എൻ.സി. കൃഷ്ണപ്രസാദ്, 2020 ഏപ്രിൽ ആദ്യമാണ് കോവിഡുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ സ്റ്റാറ്റസ് ആയി ഇട്ടുതുടങ്ങിയത്. കൂട്ടുകാരുടെ പ്രേരണയിൽ അധികംവൈകാതെ ഫേസ്ബുക്കിലും അത് പോസ്റ്റ് ചെയ്തു തുടങ്ങി.
ഇടക്ക് പോസ്റ്റുകൾ മുടങ്ങിയപ്പോൾ തുടരേ അന്വേഷണങ്ങൾ വരാൻ തുടങ്ങി. അപ്പോഴാണ് ആളുകൾ ഇത് ഗൗരവത്തിലെടുത്തതായി കൃഷ്ണപ്രസാദിന് ബോധ്യമായത്. പിന്നീട് ഒരു ദിവസംപോലും മുടക്കിയിട്ടില്ല. സാമൂഹിക അവബോധം ലക്ഷ്യമിട്ടുള്ള എളിയ പരിശ്രമം എന്ന നിലക്കാണ് തുടക്കമെന്ന് കൃഷ്ണപ്രസാദ് പറയുന്നു.
രാജ്യാന്തരം മുതൽ പ്രാദേശികം വരെയുള്ള കോവിഡ് കണക്ക് കിട്ടാൻ കൃഷ്ണപ്രസാദിെൻറ ഫേസ്ബുക്ക് പേജിൽ കയറിയാൽ മതി. ആരോഗ്യവകുപ്പിലെ ജോലിത്തിരക്കുകൾക്കിടയിലും വളരെ സൂക്ഷ്മതയോടെയാണ് പോസ്റ്റുകൾക്ക് ആവശ്യമായ വിവരങ്ങൾ സ്വരൂപിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ബുള്ളറ്റിനുകൾ, ഒൗദ്യോഗിക ട്വിറ്റർ പേജുകൾ തുടങ്ങിയവയിൽനിന്നും ലഭ്യമാക്കിയ ഡേറ്റയാണ് പങ്കുവെക്കുന്നത്. സ്വന്തമായി തയാറാക്കുന്ന വിഡിയോ, ടേബ്ൾ, ഗ്രാഫ്, ചാർട്ട് എന്നിവയുടെ സഹായത്തോടെയാണ് വിശകലനങ്ങൾ.
ഒപ്പം വാക്സിനേഷൻ വിശദാംശങ്ങൾ, പരിശോധന കേന്ദ്രങ്ങൾ, െഎ.സി.യു ലഭ്യത എന്നിവയെല്ലാം എല്ലാ ദിവസവും പേജിൽ വരും. ആദ്യം മലയാളത്തിൽ നൽകിയിരുന്ന അപ്ഡേഷൻ പിന്നീട് ഇംഗ്ലീഷിലും നൽകിത്തുടങ്ങി. കോവിഡിൽനിന്ന് രാജ്യം മോചിതമാകും വരെ സേവനം തുടരാനാണ് തീരുമാനം. ഒറ്റപ്പാലം ലെക്കിടി വടക്കുമംഗലം സ്വദേശിയാണ് 40കാരനായ കൃഷ്ണപ്രസാദ്. ഭാര്യ ആശ പെരിങ്ങോട്ടുകുറുശ്ശി ജി.എച്ച്.എസ്.എസിലെ അധ്യാപികയും മകൻ ശ്രീനാഥ് നാലാം ക്ലാസുകാരനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

