മലമ്പുഴയിലെ ഉദ്യാനപാലകർക്ക് നിറം മങ്ങിയ ജീവിതം
text_fieldsമലമ്പുഴ പുഷ്പോത്സവത്തിൽ പൂക്കളെ പരിപാലിക്കുന്ന
തൊഴിലാളികൾ
പാലക്കാട്: മലമ്പുഴ ഉദ്യാനത്തിലെ ഈ ഉദ്യാനപാലകരുടെ ജീവിതത്തിന് നിറം തീരെയില്ല. തുച്ഛവേതനത്തിന് 25ഉം 30ഉം വർഷം ജോലിചെയ്തിട്ടും ഇവർക്ക് ഇന്ന് പ്രതിദിന വേതനം കിട്ടുന്നത് 625 രൂപയാണ്. ജോലി കിട്ടുന്നതാകട്ടെ ഒന്നരമാസം കൂടുമ്പോൾ 13 ദിവസം മാത്രം.
തീർന്നില്ല, ദുരിതകഥ... 60 വയസ്സിന് മുകളിലുള്ളവരെ പിരിച്ചുവിടാൻ ആറ് മാസം മുമ്പ് അധികൃതർ തീരുമാനവുമെടുത്തു. മലമ്പുഴ ഉദ്യാനപാലകരായി ജോലി ചെയ്യുന്ന 400ഓളം താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടാൻ ഉത്തരവിറങ്ങിയത്.
96 പേരുടെ പുറത്താക്കൽ പട്ടികയും പുറത്തിറക്കിയിരുന്നു. കോടതിയിൽനിന്ന് സ്റ്റേ ലഭിച്ചതിനാൽ ജോലിയിൽ തുടരുകയാണ് പട്ടികയിലുള്ളവർ. ബാക്കിയുള്ള 60 ശതമാനത്തോളം പേരും 50-60നിടയിൽ പ്രായമുള്ളവരാണ്.
തൊഴിലാളികളെ 106 പേരടങ്ങുന്ന മൂന്ന് സംഘങ്ങളായും 68 പേരുടെ ഒരു സംഘമായും തിരിച്ചാണ് ജോലി ചെയ്യിക്കുന്നത്. എ, ബി, സി, ഡി ക്രമത്തില്‍ ഒാരോ സംഘത്തിന്റെയും ജോലി കഴിയുന്നതുവരെ ബാക്കിയുള്ളവര്‍ കാത്തിരിക്കണം.
ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രം ലഭിക്കുന്ന തൊഴിൽ ഇവര്‍ക്ക് ജീവിതച്ചെലവിന് തികയുന്നില്ല. പുഷ്പോൽസവ സമയത്ത് മാത്രമാണ് മൂന്നുമാസം തുടർച്ചയായി ജോലി ലഭിക്കുന്നത്.
മുമ്പ് ആറുമാസം കൂടുമ്പോൾ മാത്രമായിരുന്നു ജോലി. പിന്നീട് മൂന്നുമാസവും ഇപ്പോൾ ഒന്നര മാസവുമായി. കഴിഞ്ഞ പുഷ്പോൽസവത്തിനെത്തിയ കലക്ടറോട് വിഷയം പറഞ്ഞപ്പോൾ പരിഹരിക്കാമെന്ന് മറുപടി നൽകിയിരുന്നതായി തൊഴിലാളികൾ പറഞ്ഞു.
എന്നാൽ, ഇതുവരെ പരിഹരിക്കപ്പെട്ടില്ല. ഇൻഷുറൻസ് പരിരക്ഷക്കായി ഫോട്ടോ എടുത്തിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.
മുൻകാല കുടിശ്ശികയും കിട്ടാനുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു.
ഇൗ വർഷം പുഷ്പോൽസവത്തിന് പുറത്തുനിന്ന് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വർഷം തങ്ങൾ ചെയ്തിരുന്ന ജോലി ഇതിനാൽ നഷ്ടപ്പെടുകയാണെന്നും തൊഴിലാളികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

