മൂന്നു ദിവസമായി തുടർന്ന കാട്ടുതീ സാഹസികമായി അണച്ചു
text_fieldsതെന്മലയിൽ പടർന്ന കാട്ടുതീ സീതാർകുണ്ട് വ്യൂ പോയിന്റിൽ പൈപ്പ് വഴി വെള്ളം അടിവാരത്തേക്ക് ഒഴുക്കി അണക്കുന്ന
വനം വകുപ്പ്
കൊല്ലങ്കോട്: തെന്മലയിലെ സീതാർകുണ്ട്, ഗോവിന്ദാമല പ്രദേശങ്ങളിൽ മൂന്ന് ദിവസമായി പടർന്ന കാട്ടുതീ സാഹസികമായി അണച്ചു. കൊല്ലങ്കോട് റേഞ്ച് ഓഫിസർ പ്രമോദ്, സെക്ഷൻ ഫോറസ്റ്റർ മണിയൻ എന്നിവരടങ്ങുന്ന 30 പേരുടെ സംഘമാണ് തീ അണച്ചത്.രാത്രിയും പകലും പരിശ്രമിച്ച സംഘം അവസാന ഘട്ടത്തിൽ സീതാർകുണ്ട് വ്യൂ പോയന്റിൽ തേയില എസ്റ്റേറ്റിലെ ജല സംഭരണികളിലെ വെള്ളം പൈപ്പ് വഴി മലയുടെ മുകൾ തട്ടിലെത്തിച്ച് അവിടെനിന്ന് താഴേക്ക് ഒഴുക്കി. മണിക്കൂറുകൾ നീണ്ട പ്രയത്നത്താലാണ് തീ അണച്ചത്.
ഞായറാഴ്ച വൈകീട്ട് ആറോയാണ് പൂർണമായും അണച്ചതെന്ന് സെക്ഷൻ ഫോറസ്റ്റർ മണിയൻ പറഞ്ഞു. വന്യജീവികൾ കാട്ടുതീയിൽ അകപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉണങ്ങിയ പുൽമേടുകളിൽ പടർന്ന തീ കാറ്റിൽ ആറ് കിലോമീറ്റർ ദൂരപരിധിയിൽ വ്യാപിച്ചതാണ് വനം ഉദ്യോഗസ്ഥരെ കുഴക്കിയത്. തീ അണക്കുന്നതിനിടെ രണ്ട് കിലോമീറ്ററിലധികം ഫയർലൈനും പുതുതായി സ്ഥാപിച്ചു.
വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടിയുണ്ടാകുന്ന തീ വരാതിരിക്കാൻ കെ.എസ്.ഇ.ബി കാര്യക്ഷമമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം തീ അണച്ച വനം വകുപ്പിലെ വാച്ചർമാർ ഉൾപ്പെടെയുള്ളവരെ സീതാർകുണ്ട്, മാത്തൂർ, തേക്കിൻചിറ വാസികളും പരിസ്ഥിതി പ്രവർത്തകരും അഭിനന്ദിച്ചു.