വോട്ടെടുപ്പ് ദിനത്തിലും പോരാട്ടവീര്യം ചോരാതെ
text_fieldsരാവിലെ ബൂത്തിലെത്തി വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നവർ. പട്ടാമ്പിയിൽ നിന്നുള്ള ദൃശ്യം
പാലക്കാട്: വീര്യം ഒട്ടും ചോരാതെ വോട്ട് ചെയ്യാനായി ആളുകൾ കാത്തുനിൽക്കുന്ന കാഴ്ചയായിരുന്നു ജില്ലയൊട്ടുക്കും. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ കനത്ത ചൂടിനെ അവഗണിച്ച് വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. പതിവുപോലെ നഗരകേന്ദ്രങ്ങളെക്കാൾ ഗ്രാമങ്ങളിലായിരുന്നു തിരക്ക് കൂടുതൽ. പ്രായമായവർക്ക് ബൂത്തുകളിൽ മുൻഗണന നൽകിയിരുന്നു. എന്നാൽ, ചിലർ തങ്ങൾക്കുള്ള മുൻഗണന അറിയാത്തതിനാൽ വരിനിന്ന് തന്നെയാണ് വോട്ട് ചെയ്തത്.
പട്ടാമ്പി നിയമസഭ മണ്ഡലത്തിന്റെ പോളിങ് സ്റ്റേഷനായ വിളയൂർ ഹൈസ്കൂളിലെ രണ്ട് ബൂത്തുകളിലും രാവിലെ തന്നെ നല്ല തിരക്കായിരുന്നു. 46, 47 ബൂത്തുകളിൽ രാവിലെ വിവിപാറ്റിലുണ്ടായ ചെറിയ താമസം വോട്ടിങ് മന്ദഗതിയിലാക്കിയെങ്കിലും പിന്നീട് വേഗത കൈവരിച്ചു. ഷൊർണൂർ മണ്ഡലത്തിലെ നെല്ലായ പഞ്ചായത്ത് ബൂത്ത് നമ്പർ 18 ആയ ഹിമായത്തുൽ ഇസ്ലാം മദ്റസയിൽ രാവിലെ പത്തായപ്പോഴേക്കും 20 ശതമാനത്തോളം വോട്ടിങ് നടന്നു. ഒറ്റപ്പാലം മണ്ഡലത്തിലെ മിക്ക ബൂത്തുകൾക്കു മുന്നിലും യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പ്രവർത്തകർ നിറഞ്ഞു നിന്നിരുന്നു. കോങ്ങാട് മണ്ഡലത്തിൽ പല ബൂത്തുകളുടെ മുന്നിലും എൽ.ഡി.എഫിന്റെ പ്രവർത്തകരാണ് നിറഞ്ഞു നിന്നിരുന്നത്. മലമ്പുഴ മണ്ഡലത്തിൽ എൽ.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പ്രചാരണമാണ് ബൂത്തുകളിൽ കൂടുതൽ കാണാനായത്. മുണ്ടൂരിൽ പല ബൂത്തുകളിലും എൽ.ഡി.എഫ് പ്രചാരണമാണ് കൂടുതൽ കാണാനായതെങ്കിൽ അകത്തേത്തറ പഞ്ചായത്തിൽ ബൂത്ത് പ്രചാരണത്തിൽ ബി.ജെ.പി മുമ്പന്തിയിലായിരുന്നു.
നഗരത്തിലെ ബൂത്തുകളിൽ മൂന്ന് മുന്നണികളുടെയും പ്രചാരണം പിന്നാക്കമായിരുന്നു. വോട്ടിന് നോട്ട് വിവാദങ്ങൾ പ്രചാരണത്തെയും ബാധിച്ചതായാണ് കാണാനായത്. വോട്ടിന് നോട്ട് വിവാദത്തിൽ എൽ.ഡി.എഫ് ശക്തമായി രംഗത്ത് വന്നില്ല എന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

