അണപൊട്ടിയൊഴുകുന്ന പ്രചാരണത്തിര
text_fieldsഎൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രഭാകരൻ വോട്ടഭ്യർഥിക്കുന്നു
പാലക്കാട്: രണ്ടാം തവണയും അവസരം നൽകണമെന്ന അപേക്ഷയുമായി സിറ്റിങ് എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ എ. പ്രഭാകരനും മാറ്റത്തിനായി സഹായിക്കണമെന്ന അപേക്ഷയുമായി കഴിഞ്ഞ തവണ പ്രഭാകരനോട് പരാജയപ്പെട്ട എൻ.ഡി.എ സ്ഥാനാർഥി കെ. കൃഷ്ണകുമാറും യഥാർത്ഥ കമ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിക്കുന്നവർ ഇപ്പോൾ യു.ഡി.എഫിനൊപ്പമാണെന്ന് അവകാശപ്പെട്ട് വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ സുരേഷും മലമ്പുഴ മണ്ഡലത്തിൽ നിറയുകയാണ്. പരമാവധി ഗൃഹസമ്പർക്കമാണ് മൂവരുടെയും ലക്ഷ്യം. ആളുകളെ നേരിട്ട് കണ്ട് വോട്ടഭ്യർഥിക്കുന്നതോടൊപ്പം അവരുടെ ആവശ്യങ്ങൾ കേൾക്കാനും സമയം കണ്ടെത്തുന്നുണ്ട്.
മണ്ഡലത്തിൽ അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കിയ വികസന പദ്ധതികൾ അവതരിപ്പിച്ചാണ് പ്രഭാകരന്റെ മുന്നേറ്റം. വിജയിച്ചാൽ പാതിയെത്തിയ പദ്ധതികൾ പൂർത്തീകരിക്കുമെന്നും പുതിയ വികസന പദ്ധതികൾ കൊണ്ടുവരുമെന്നും എ. പ്രഭാകരൻ പറയുന്നു. പോസ്റ്ററുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ചിത്രത്തോടൊപ്പം വി.എസ്. അച്യുതാനന്ദന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയാണ് വി.എസ് അനുകൂലിയായിരുന്ന പ്രഭാകരന്റെ പ്രചാരണം.
പുതുശ്ശേരിയിലെ ഫാക്ടറികളിൽ യു.ഡി.എഫ് സ്ഥാനാർഥി
എ. സുരേഷ് പ്രചാരണം നടത്തുന്നു
ചെല്ലുന്നിടത്തെല്ലാം ആളുകൾ പെട്ടെന്ന് തിരിച്ചറിയുന്നു എന്നതാണ് സി. കൃഷ്ണകുമാർ നേട്ടമായി കാണുന്നത്. പരമാവധി ആളുകളെ കണ്ട് സംസാരിക്കുന്നു. കത്തുന്ന വെയിലാണെങ്കിലും പ്രവർത്തകരുടെ അകമ്പടിയോടെ നടക്കുമ്പോൾ ആവേശത്തിന് ഒട്ടും കുറവില്ല.
സ്വീകരണയോഗങ്ങൾ, കൺവെൻഷനുകൾ തുടങ്ങിയവയിലെല്ലാം ധാരാളം ആളുകൾ എത്തുന്നുണ്ട്. അകത്തേത്തറ പഞ്ചായത്തിൽ ബി.ജെ.പി ഭരണം പിടിച്ചതും മറ്റു പഞ്ചായത്തുകളിലെല്ലാം വലിയ രീതിയിൽ വോട്ട് ഉയർത്താനായതും മലമ്പുഴയിൽ ഇത്തവണ മാറ്റമുണ്ടാകുമെന്ന വിശ്വാസത്തിലാണ് കൃഷ്ണകുമാർ മുന്നേറുന്നത്. കഴിഞ്ഞ രണ്ടു തവണ മണ്ഡലത്തിലെ സ്ഥാനാർഥിയായതിന്റെ പരിചയസമ്പത്തും നേട്ടമായി കൃഷ്ണകുമാർ കാണുന്നു.
എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ പ്രചാരണത്തിൽ
കന്നിയങ്കമാണെങ്കിലും ജനങ്ങൾക്ക് പരിചിതമുഖമാണെന്നതാണ് യു.ഡി.എഫ് സ്ഥാനാർഥി എ. സുരേഷ് നേട്ടമായി കാണുന്നത്. വോട്ടഭ്യർഥന ചുരുങ്ങിയ വാക്കുകളിൽ പൂർത്തിയാക്കി പരമാവധി ആളുകളെ കാണാനാണ് ശ്രമം. തന്റെ വരവിൽ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ മുമ്പെങ്ങുമില്ലാത്ത ആവേശത്തിലാണെനും സി.പി.എമ്മുകാരും വലിയ സ്വീകാര്യതയോടെയാണ് സംസാരിക്കുന്നതെന്നും സുരേഷ് പറയുന്നു. വിഎസ് ഉയർത്തിപ്പിടിച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയം തന്നെയാണ് കോൺഗ്രസും ഉയർത്തിപ്പിടിക്കുന്നത്. അതിനാൽ മലമ്പുഴയിൽ ഇത്തവണ യു.ഡി.എഫിന് വിജയം ഉറപ്പാണെന്നും സുരേഷ് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

