വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽനിന്ന് ജില്ലയെ മോചിപ്പിക്കും -മന്ത്രി കെ.എ. തുളസി
text_fields‘സമഗ്ര 2026’ രണ്ടാംഘട്ട വായ്പവിതരണ പദ്ധതിയുടെ സംഘാടക സമിതി രൂപവത്കരണയോഗം മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങളെ ചൂഷണം ചെയ്യുന്ന വട്ടിപ്പലിശക്കാരിൽനിന്ന് പാലക്കാട് ജില്ലയെ മോചിപ്പിക്കുമെന്ന് മന്ത്രി കെ.എ. തുളസി. സാധാരണക്കാരായ വീട്ടമ്മമാരും പാവപ്പെട്ടവരുമാണ് അയൽ സംസ്ഥാനക്കാരായ വട്ടിപ്പലിശക്കാരുടെയും ഓൺലൈൻ ആപ്പുകളുടെയുമെല്ലാം ചൂഷണത്തിന് കൂടുതലായും വിധേയമാവുന്നത്. ഇവരിൽനിന്ന് ഘട്ടം ഘട്ടമായുള്ള മോചനമാണ് പലിശരഹിതമായും കുറഞ്ഞ പലിശ നിരക്കിലുമുള്ള സമഗ്ര -2026 വായ്പയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു. ‘സമഗ്ര 2026’ന്റെ രണ്ടാം ഘട്ട വായ്പ വിതരണോദ്ഘാടനത്തിനുള്ള സംഘാടക സമിതി രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വനിതകൾക്കാണ് ഇപ്പോൾ ‘സമഗ്ര 2026’ പദ്ധതിയിൽ വായ്പ നൽകി വരുന്നത്. സ്ത്രീകളിലൂടെ കുടുംബത്തിന്റെ സാമ്പത്തിക സംരക്ഷണം കൂടി ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ജില്ലയിലെ 78 ഗ്രാമപഞ്ചായത്തുകളിലെ സ്ത്രീകൾക്കും പലിശരഹിത വായ്പകളും തുച്ഛമായ പലിശനിരക്കിലുള്ള വായ്പകളും സമഗ്ര 2026ലൂടെ വിതരണം ചെയ്യും. അടുത്ത ഘട്ടത്തിൽ സമഗ്ര വായ്പാപദ്ധതി പുരുഷന്മാർക്ക് കൂടി അനുവദിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ വായ്പാപദ്ധതി പുരുഷന്മാർക്കും ഉപയോഗപ്രദമാകുന്ന നിലയിൽ വേഗത്തിൽ പരിഷ്കരിക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു. തുടർന്ന് സമഗ്ര 2026 കൈപ്പുസ്തകം പിന്നാക്ക വിഭാഗ വികസന കോർപറേഷൻ എം.ഡി കെ. അഞ്ജുവിന് നൽകി മന്ത്രി പ്രകാശനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എസ്.പി. രാജു അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ. പ്രഭാകരൻ, പി.പി. സുമോദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് അബ്ദുൽ ലത്തീഫ്, പാലക്കാട് റവന്യൂ ഡിവിഷനൽ ഓഫിസർ കെ. ദേവകി, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സംഘാടക സമിതി
രൂപവത്കരിച്ചു
‘സമഗ്ര 2026’ന്റെ രണ്ടാം ഘട്ടവായ്പ വിതരണോദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പി ചെയർമാനായും ജില്ലയിലെ നിയമസഭാംഗങ്ങൾ വൈസ് ചെയർമാന്മാരായും ജില്ല പഞ്ചായത്ത് പ്രസിഡന്റ് എസ്.പി. രാജു കൺവീനറുമായാണ് സ്വാഗതസംഘം രൂപവത്കരിച്ചത്.
മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ.എ. തുളസി, എം.പിമാരായ കെ. രാധാകൃഷ്ണൻ, അബ്ദുസമദ് സമദാനി, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ കെ. അഞ്ജു എന്നിവരാണ് രക്ഷാധികാരികൾ. നഗരസഭ അധ്യക്ഷന്മാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ജോയിന്റ് കൺവീനർമാരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ അംഗങ്ങളുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

