കണ്ടയ്നർ ലോറി കടയിലേക്ക് ഇടിച്ചു കയറി
text_fieldsമണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് നിയന്ത്രണംവിട്ട കണ്ടയ്നര്‍ ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. ആളപായമില്ല. കടക്ക് നാശനഷ്ടം സംഭവിച്ചു. വെള്ളിയാഴ്ച രാത്രി ഒന്നിന് ചുങ്കത്തെ സ്ഥിരം അപകടമേഖലയായ വില്ലേജ് ഓഫീസിന് സമീപത്തെ ഇറക്കംവളവിലാണ് സംഭവം. കോഴിക്കോട് നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സിമന്റുമായി എതിരെ വന്ന ലോറിയിലുരസി റോഡിന് മറുവശത്തെ ടയര്‍ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയം മഴയുണ്ടായിരുന്നു. കുമരംപുത്തൂര്‍ സ്വദേശികളായ ചന്ദ്രന്, നൗഷാദ്, ഫസല്‍ എന്നിവരുടെ ഉടമസ്ഥതയില്പ്രവര്ത്തിക്കുന്ന ടയര്‍ കടയിലേക്ക് ഇടിച്ചുകയറിയ ലോറി മുന്‍വശത്തെ ഷെഡ്ഡും വാഹനങ്ങള്‍ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന വിലകൂടിയ ഓട്ടോമാറ്റിക് ജാക്കിയും തകര്‍ത്തു.
നാലരലക്ഷംരൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമകള്‍ പറഞ്ഞു. മെഷീന് തകര്‍ന്നതോടെ കടയുടെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു. സ്റ്റിയറിങ് പ്രവര്‍ത്തിക്കാതിരുന്നതാണ് നിയന്ത്രണംവിടാന്‍ കാരണമെന്നാണ് ലോറി ഡ്രൈവര്‍ പറഞ്ഞു. സിമന്റ്ലോഡുമായി പെരിന്തല്‍മണ്ണ ഭാഗത്തേക്കുപോവുകയായിരുന്ന ലോറി പെട്ടെന്ന് വെട്ടിച്ചതിനാല്‍ വലിയ കൂട്ടിയിടിയില്‍നിന്ന് ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

