ഉത്സവത്തിരക്കിൽ സ്ഥാനാർഥികളുടെ എഴുന്നള്ളത്ത്
text_fieldsയു.ഡി.എഫ് സ്ഥാനാർഥി കെ.എം. ഫെബിൻ പ്രചാരണത്തിൽ
ആലത്തൂർ: ക്ഷേത്രോത്സവങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പും വന്നതിന്റെ തിരക്കിലും ആവേശത്തിലുമാണ് ആലത്തൂർ മണ്ഡലത്തിലെ ജനങ്ങൾ. ഉത്സവ കമ്മിറ്റിക്കാർ പിരിവുമായും രാഷ്ട്രീയ പാർട്ടിക്കാർ വോട്ടഭ്യർഥനയുമായും ഗ്രാമങ്ങളിൽ സജീവമാണ്. ആലത്തൂർ ഒരിക്കലൊഴികെ എന്നും ഇടതുപക്ഷത്തോടൊപ്പം ചേർന്നാണ് നിന്നത്. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ കളം നിറയുന്ന പ്രവർത്തനവുമായി യു.ഡി.എഫ് പ്രവർത്തകർ സജീവമാണ്.
എൽ.ഡി.എഫ് സ്ഥാനാർഥി ടി.എം. ശശി വോട്ടഭ്യർഥിക്കുന്നു
ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് എൽ.ഡി.എഫാണ്. കവലകൾ കേന്ദ്രീകരിച്ച് വോട്ടഭ്യർഥിച്ചും റോഡ് ഷോ നടത്തിയും പ്രചാരണം ഓരോ ദിവസം കഴിയുന്തോറും കനക്കുകയാണ്. പരമാവധി വോട്ടർമാരെ നേരിൽ കാണുന്ന രീതിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി ടി.എം. ശശിയും യു.ഡി.എഫ് സ്ഥാനാർഥി കെ.എം. ഫെബിനും എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി. പ്രസന്നകുമാറും സ്വീകരിക്കുന്നത്. കിഴക്കഞ്ചേരി, വണ്ടാഴി, മേലാർക്കോട്, ആലത്തൂർ, എരിമയൂർ, തേങ്കുറുശ്ശി, കുഴൽമന്ദം ഗ്രാമപഞ്ചായത്തുകളാണ് ആലത്തൂർ അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്നത്.
എൻ.ഡി.എ സ്ഥാനാർഥി കെ.വി. പ്രസന്നകുമാർ വോട്ട് ചോദിക്കുന്നു
എല്ലാ പഞ്ചായത്തുകളിലും എൽ.ഡി.എഫാണ് ഭരണം കൈയാളുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുവർധനയും ഭരണവിരുദ്ധ വികാരവും ആലത്തൂരിലും പ്രതിഫലനം ഉണ്ടാക്കുംമെന്നും 1991 ആവർത്തിക്കാൻ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലാണ് യു.ഡി.എഫ് പ്രവർത്തകർക്ക്. മണ്ഡലം എന്നും ഇടതുപക്ഷത്തിനൊപ്പമാണെന്നും 1991ലേത് ഒരു കൈപ്പിഴ മാത്രമാണെന്നും എൽ.ഡി.എഫ് പ്രവർത്തകരും പറയുന്നു. ബി.ജെ.പിക്ക് കാര്യമായ ശക്തിയില്ലാത്ത മണ്ഡലമാണ് ആലത്തൂർ. അതിനാൽ എത്രത്തോളം വോട്ട് കൂട്ടാൻ കഴിയുന്നുവോ അതാണ് അവരുടെ വിജയമായി എൻ.ഡി.എ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

