തൈപൊങ്കൽ ഇന്ന്; ആഘോഷത്തിൽ അതിർത്തി ഗ്രാമങ്ങളും
text_fieldsപാലക്കാട്: പൊങ്കൽ ആഘോഷത്തിനൊരുങ്ങി ജില്ലയിലെ അതിർത്തി ഗ്രാമങ്ങളും. തമിഴ്നാട്ടിലുള്ള അതേ പ്രാധാന്യത്തോടെ തന്നെയാണ് ജില്ലയിലെ കിഴക്കൻ മേഖലയിലെ അതിർത്തി ഗ്രാമങ്ങളും പൊങ്കലിനെ വരവേൽക്കുന്നത്. തമിഴ് കലണ്ടറിലെ മാർഗഴി മാസം കഴിഞ്ഞ് തൈമാസം പിറക്കുന്നതോടെയാണ് പൊങ്കൽ ആഘോഷം തുടങ്ങുന്നത്.
കാർഷിക സംസ്കൃതിയുടെ ഓർമപെടുത്തൽ കൂടിയാണ് പൊങ്കൽ. വീട്ടുപ്പൊങ്കൽ(ബോഗി), തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിങ്ങനെ നാലുദിവസങ്ങളിലായി വ്യത്യസ്ത രീതിയിലാണ് പൊങ്കൽ ആഘോഷം. ആദ്യദിവസത്തെ ആഘോഷം തിങ്കളാഴ്ച, മാർഗഴിയുടെ അവസാന ദിവസം നടന്നു. പ്രധാന ആഘോഷമായ തൈപൊങ്കൽ തൈ മാസം ഒന്നാം തീയതിയാണ് ആഘോഷിക്കുക. വീടുകളിൽ പൊങ്കൽ വെച്ചു വിളമ്പിയും മുറ്റത്ത് വർണാഭമായ കോലം വരച്ചും പ്രത്യേക പൂജകൾ നടത്തിയുമാണ് ആഘോഷം. വീടിനു പുറത്ത് അടുപ്പുകൂട്ടിയാണ് പൊങ്കൽ തയാറാക്കുക.
മൂന്നാം ദിനമായ മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് മഞ്ഞളും മറ്റും ഉപയോഗിച്ച് കുറി വരച്ച് പൂജിക്കും. കർഷകർക്ക് ഈ ദിവസം പ്രധാനമാണ്. നാലാംദിനമായ കാണുംപൊങ്കലിന് ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളുമെല്ലാം ഒത്തുകൂടി സമ്മാനങ്ങൾ കൈമാറും. ജീവിതോപാധികളായ കാർഷിക മേഖലയിലും കന്നുകാലി വളർത്തലിലും അഭിവൃദ്ധിയുണ്ടാകുന്നതിനായാണ് പൊങ്കൽ ദിനങ്ങളിൽ പ്രത്യേക പ്രാർഥനകളും പൂജകളും നടത്തുന്നത്.
ജില്ലയിൽ തമിഴ്നാട് അതിർത്തികളായ വാളയാർ, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, വേലന്താവളം, ഗോപാലപുരം എന്നിവിടങ്ങളിൽ പൊങ്കൽ ആഘോഷം ഗംഭീരമാക്കാറുണ്ട്. തമിഴ് കുടുംബങ്ങൾ കൂടുതലായുള്ള മേഖലകളാണിവിടം. തൈപൊങ്കൽ പ്രമാണിച്ച് ചൊവ്വാഴ്ച ജില്ലയിലെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് അവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

