സ്വരാജ്, മഹാത്മാ പുരസ്കാരങ്ങൾ കൊയ്ത് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ
text_fieldsമികവിന്റെ നിറവിൽ വിളയൂർ ഗ്രാമപഞ്ചായത്ത്
പട്ടാമ്പി: മാലിന്യ മുക്ത പ്രവർത്തന മികവും മറ്റും സമന്വയിപ്പിച്ച് വിളയൂർ ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സ്വരാജ് പുരസ്കാരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം. മികച്ച ഭരണത്തിന്റെ നേർസാക്ഷ്യമാണ് 500ലേറെ കുടുംബങ്ങൾക്ക് താങ്ങായി ലൈഫ് പദ്ധതിയിലൂടെ നിർമിച്ച വീടുകൾ. അംഗൻവാടി പ്രവർത്തനങ്ങളിലും വിളയൂർ മുന്നിട്ടുനിന്നു.
ഭിന്നശേഷി അംഗൻവാടി, ജൻഡർ ന്യൂട്രൽ യൂണിഫോം തുടങ്ങിയവ ചിലതു മാത്രം. പകുതിയിലേറെ അംഗൻവാടികളും സ്മാർട്ടാണ്. പരിഗണനാ വർഷത്തിൽ നാല് അംഗൻവാടികൾക്കാണ് സൗജന്യമായി ഭൂമി ലഭ്യമാക്കിയത്.
കെട്ടിട നിർമാണം പൂർത്തീകരിച്ചു. ഗ്രാമ, ജില്ല, പഞ്ചായത്തുകളും വനിത ശിശുക്ഷേമ വകുപ്പും ഒന്നിച്ച് മനോഹരമായ കളിവീടൊരുക്കാൻ ഫണ്ടുകൾ നൽകി. തരിശായി കിടന്ന ആറ് ഹെക്ടർ ഭൂമിയിൽ കൃഷിയിറക്കി. സംഘകൃഷി വ്യാപകമാക്കി. പഴം, പച്ചക്കറി, പൂക്കൾ, കോളിഫ്ലവർ, തണ്ണിമത്തൻ, കാരറ്റ് തുടങ്ങിയവയെല്ലാം 100 മേനി വിളഞ്ഞു. മുട്ട, മാസം, പാൽ എന്നിവയിലെല്ലാം ഉൽപാദനം വർധിച്ചു. ക്ഷീരഗ്രാമം, കേരഗ്രാമം എന്നിവ നടപ്പാക്കി. പുരയിട കൃഷിയിലും നെല്ലുൽപാദനത്തിലും വർധനവുണ്ടാക്കി. പഞ്ചായത്തിന്റെ തനതു പദ്ധതിയായി നീർത്തട സംരക്ഷണ പദ്ധതിയും മുന്നേറുന്നു.
പാലിയേറ്റിവ് പ്രവർത്തനം സമാനതകളില്ലാത്ത രീതിയിൽ സേവനം നൽകുന്നു. പഞ്ചായത്ത് ഫണ്ടിനു പുറമെ പൊതു സംഭാവനകളിലൂടെ ആവശ്യക്കാർക്ക് പരിചരണവും സേവനവും എത്തിക്കുന്നു. ഇതിനുള്ള മൂന്ന് സംഘങ്ങളുടെയും ഏകോപനം പഞ്ചായത്തിനാണ്. ശുചിത്വ പരിപാലന പ്രവർത്തനങ്ങളിൽ പുതിയ മാതൃകകളും മുന്നേറ്റങ്ങളുമാണ് വിളയൂരിന്റെ കരുത്ത്. ആരോഗ്യം, ശുചിത്വം, രോഗപ്രതിരോധം, വ്യായാമം എന്നിവയെല്ലാം ഉൾച്ചേർന്ന പരിപാടികളാണ് ആവിഷ്കരിച്ച് പ്രാവർത്തികമാക്കുന്നത്.
സദ്ഭരണ സാധ്യതകൾ പരമാവധി നടപ്പിലാക്കി. പൊതുജന പരാതികൾ രമ്യമായി പരിഹരിക്കാൻ വേദികൾ സൃഷ്ടിച്ചു. ജാഗ്രത സമിതികൾ താഴെ തലം വരെ സജീവമാണ്. ബഡ്സ് സ്കൂൾ പ്രവർത്തനത്തിലും സമൂഹപങ്കാളിത്തം ചേർത്ത് വിഭവ പരിമിതി മറികടക്കുന്നു.
വാർഷിക പദ്ധതി പ്രവർത്തനത്തിൽ 100 ശതമാനം ഫണ്ടും ഫലപ്രദമായും സമയബന്ധിതമായും സുതാര്യമായും വിനിയോഗിക്കുന്നു. നികുതിപിരിവും 100 ശതമാനമായി 10 വർഷമായി തുടരുന്നു. മെമ്പർമാരും പഞ്ചായത്ത് ജീവനക്കാരും ഐക്യത്തോടെ പ്രവർത്തിച്ചതിന്റെ അംഗീകാരമാണ് സ്വരാജ് നേട്ടം.
വിളയൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും
സംസ്ഥാന തലത്തിൽ നേട്ടവുമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്
അഗളി: 2023-‘24 സാമ്പത്തിക വർഷത്തിലെ മഹാത്മാ പുരസ്കാര പ്രഖ്യാപനത്തിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിനും നേട്ടം. സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനമാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് നേടിയത്. തുടർച്ചയായി മൂന്നാം തവണയാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ പുരസ്കാരം നേടുന്നത്. 13502 കുടുംബങ്ങൾക്കായി 1458075 തൊഴിൽ ദിനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഉറപ്പ് വരുത്തിയിരുന്നു.
58.72 കോടി രൂപയാണ് ബ്ലോക്ക് പരിധിയിൽ കഴിഞ്ഞ വർഷം ചെലവഴിച്ചത്. ശരാശരി ഒരു കുടുംബത്തിന് 107.99 തൊഴിൽ ദിനങ്ങളാണ് ലഭിച്ചത്. 8500 കുടുംബങ്ങൾക്ക് 100 ദിവസത്തെയും 5657 കുടുംബങ്ങൾക്ക് ട്രൈബൽ പ്ലസ് പദ്ധതി പ്രകാരം 100 ദിവസത്തിലധികവും 820 പട്ടികവർഗ കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങളും ലഭിച്ചു.
വെള്ളിനേഴിക്കിത് ആറാം മുത്തം
ശ്രീകൃഷ്ണപുരം: വെള്ളിനേഴി ഗ്രാമപഞ്ചായത്തിന് പുരസ്കാരത്തുടർച്ച. മികച്ച പഞ്ചായത്തുകൾക്കുള്ള സംസ്ഥാന സർക്കാറിന്റെ സ്വരാജ് ട്രോഫി ആറാം തവണയും ഗ്രാമ പഞ്ചായത്തിന്റെ തേടിയെത്തി. ജില്ലയിൽ ഒന്നാം സ്ഥാനവും നേടി. 2023-‘24 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്. സമ്പൂർണ കുടിവെള്ളം, മാലിന്യ മുക്ത ഗ്രാമം, തരിശുരഹിത പഞ്ചായത്ത്, ജൈവഗ്രാമം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എല്ലാ വീട്ടുപടിക്കലേക്കും, റോഡ്, ആശുപത്രി നവീകരണം, വിദ്യാലയങ്ങളുടെ നവീകരണം തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നോട്ടുവെച്ച് പ്രവർത്തിച്ചത് നേട്ടമായി. 2023-‘24 വർഷത്തിൽ ഗ്രാമപഞ്ചായത്ത് 100 ശതമാനം നികുതി പിരിക്കാനും 100 ശതമാനം പദ്ധതി നിർവഹണം നടത്താനും പഞ്ചായത്തിനായി. നെൽകൃഷിയുടെ വിസ്തൃതി വർധിച്ചതിനാൽ നെല്ലുൽപാദനം കൂടി. തരിശുഭൂമികളിൽ കൃഷി ഇറക്കാൻ നേതൃത്വം നൽകി.
സി. ജയലക്ഷ്മി (വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ്), രാധാകൃഷ്ണൻ (സെക്രട്ടറി)
പാരമ്പര്യ വിത്തിനങ്ങളുടെ സംരക്ഷണം തുടങ്ങി.മികച്ച മാലിന്യ മുക്തപ്രവർത്തനങ്ങൾ നടക്കുന്ന ഗ്രാമപഞ്ചായത്തായി മാറ്റി. സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഹരിതകർമ സേനയുടെ പ്രവർത്തനം നടപ്പാക്കി. ആരോഗ്യരംഗത്ത് ഹോമിയോ ആശുപത്രി ആരംഭിച്ചു. അടക്കാപുത്തൂർ കുടുംബാരോഗ്യ കേന്ദ്രം, വെള്ളിനേഴി കുടുബാരോഗ്യ കേന്ദ്രം എന്നിവയെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തി. വൈകുന്നേരം വരെ ചികിത്സ ഏർപ്പെടുത്തി. പഞ്ചായത്തിലെ രണ്ട് ജി.എൽ.പി സ്കൂളുകളും സ്മാർട് വിദ്യാലയങ്ങളാക്കി. സോളാർ തെരുവ് വിളക്കുകൾ, ഗാർഹിക ബയോബിന്നുകൾ, അജൈവമാലിന്യ സംഭരണികൾ, എല്ലാ സ്കൂളുകളിലും സാനിറ്ററി മാലിന്യ സംസ്കരണ സംവിധാനം എന്നിവ ഒരുക്കി.
ഫുട്ബാൾ, ക്രിക്കറ്റ് കോച്ചിങ് ക്യാമ്പുകൾ സംഘടിപ്പിച്ചു. വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് പ്രോജക്ടുകൾ നടപ്പിലാക്കി. വനിതാ ഗ്രുപ്പുകൾക്ക് ഉത്പാദന വിതരണ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. ലഹരി മുക്തപരിപാടിയുടെ ഭാഗമായ വർജനം എന്ന ഗ്രാമ പഞ്ചായത്തിന്റെ തനതു പദ്ധതി നടപ്പിലാക്കി. ജലസംരക്ഷണ പ്രവർത്തനങ്ങൾ മാതൃകാപരമായി ഏറ്റെടുത്തു നടപ്പിലാക്കി.
സംസ്ഥാനത്തെ മികച്ച ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി പ്രവർത്തിക്കുന്ന പഞ്ചായത്തായി. നക്ഷത്രവനവും ജൈവ വൈവിധ്യ ഉദ്യാനവും ഔഷധസസ്യത്തോട്ടവും മിയാവാക്കി വനവും ഗ്രാമപഞ്ചായത്ത് സംരക്ഷിക്കുന്നു. ഫ്രൂട്ട് ഫോറസ്റ്റ്, ഔഷധഗ്രാമം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തു. വിവിധ വികസന പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ അഴിമതി രഹിതമായി നടത്തിയതിന്റെ അംഗീകാരമാണ് നേടിയിരിക്കുന്നതെന്ന് പ്രസിഡന്റ് സി. ജയലക്ഷ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

