ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ
text_fieldsവയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മധുസൂദനൻ നായരുമായി ഒറ്റപ്പാലം പൊലീസ് തെളിവെടുപ്പ് നടത്തുന്നു
ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം അരുവിക്കര വെമ്പന്നൂർ രേവതി ഭവനിൽ മധുസൂദനൻ നായരാണ് (63) പിടിയിലായത്. 60 വയസ്സ് തോന്നിക്കുന്ന കൊല്ലപ്പെട്ടയാളെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
മൃതദേഹത്തിന് സമീപം രക്തം പുരണ്ട കല്ല് കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന് പൊലീസ് മനസ്സിലാക്കിയത്. പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് വ്യാഴാഴ്‌ച പൊലീസ് തെളിവെടുപ്പ് നടത്തി.
ചൊവ്വാഴ്ച പുലർച്ചെയാണ് വയോധികന്റെ മൃതദേഹം ബസ് സ്റ്റാൻഡിനകത്ത് കണ്ടെത്തിയത്. സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന ഇയാളെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ചെർപ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്നു. തിരികെ ഒറ്റപ്പാലത്തെത്തിയപ്പോൾ ബീവറേജസിന് സമീപത്തുനിന്നാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
മധുസൂദനൻ നായരിൽനിന്ന് കൊല്ലപ്പെട്ട വയോധികൻ 2000 രൂപ വാങ്ങിയിരുന്നു. ഇത് തിരികെ ലഭിക്കാത്തതും കൊല്ലപ്പെട്ടയാളുടെ കൂടെയുള്ള സ്ത്രീയുമായി ബന്ധപ്പെട്ട തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളും പ്രതിയും ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തുന്നവരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

