കോങ്ങാട്: പറക്കമുറ്റാത്ത പ്രായത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കോങ്ങാട് നായാടികുന്നിലെ സൂര്യ കൃഷ്ണക്കും ആര്യകൃഷ്ണക്കും തണലായി ഇനി നാടുണ്ട്. മൂന്ന് വർഷം മുമ്പ് അച്ഛൻ കൃഷ്ണൻകുട്ടിയും ഈ ജനുവരിയിൽ അമ്മ സുമതിയും മരിച്ചപ്പോൾ 14ഉം 12ഉം വയസ്സുള്ള സഹോദരങ്ങൾ അനാഥരായി. കോങ്ങാട് കെ.പി.ആർ.പി ഹൈസ്കൂളിലെ എട്ട്, ഒമ്പത് ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
മാതാപിതാക്കൾ ഇവരെ വിട്ട് പിരിയുമ്പോൾ പാതി പണിത വീടും നിർമാണത്തിനായി വാങ്ങിയ വായ്പയും മാത്രമായിരുന്നു ബാക്കി. കുറച്ച് ദിവസം ബന്ധുക്കളുടെ വീട്ടിൽ താമസിച്ചെങ്കിലും ഇപ്പോൾ രണ്ടുപേരും തിരിച്ച് വീട്ടിലേക്കുതന്നെ എത്തി. വായ്പ തിരിച്ചടവ് തെറ്റിയതോടെ ആകെയുള്ള വീടും നഷ്ടപ്പെടുമെന്ന സാഹചര്യമായി.
ഇവരുടെ ദയനീയവസ്ഥ മനസ്സിലാക്കിയ കോങ്ങാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ടി. ശശിധരെൻറയും വി.വി. മോഹനെൻറയും പേരിൽ കനറ ബാങ്ക് കോങ്ങാട് ശാഖയിൽ പുതിയ അക്കൗണ്ട് തുടങ്ങി ധനസമാഹരണമാരംഭിച്ചു. ഒരുകാരണവശാലും ഇവർ ഒറ്റപ്പെടില്ലെന്നും മുന്നോട്ടുപോക്കിൽ കൂടെയുണ്ടാവുമെന്നും നാട്ടുകാർ ഒറ്റക്കെട്ടായി പറയുന്നു. അക്കൗണ്ടിലേക്ക് സംഭാവനകൾ നൽകാം. നമ്പർ 0831101064632 .ഐ.എഫ്.എസ്.സി: CNRB0000831, MICR കോഡ് 678015805.