അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തം
text_fieldsപാലക്കാട്: രണ്ടുദിവസങ്ങളിലായി നടത്തിയ മിന്നൽ പരിശോധനകൾക്ക് പിന്നാലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ രഹസ്യ നിരീക്ഷണം ശക്തമാക്കി വിജിലൻസ്.
മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക്പോസ്റ്റുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മിന്നൽ പരിശോധന നടത്തി 3,26,980 രൂപ കണ്ടെടുത്തത്. ചരക്ക് ലോറികളിൽനിന്നും ശബരിമല തീർഥാടകരിൽനിന്നും ഉൾപ്പെടെ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ മൂന്നുമണിക്കൂറിനുള്ളിൽ 1,49,490 രൂപയും തിങ്കളാഴ്ച നാലുമണിക്കൂറിൽ 1,77,490 രൂപയുമാണ് പിടിച്ചെടുത്തത്. ഒരേ ചെക്ക്പോസ്റ്റുകളിലാണ് രണ്ട് ദിവസവും പരിശോധന നടന്നത്. ഓരോ വാഹനങ്ങൾക്കും നിശ്ചിത തുകയാണ് കൈക്കൂലി വാങ്ങുന്നതെന്നാണ് വിജിലൻസ് കണ്ടെത്തൽ. കരിങ്കല്ല് കയറ്റിയ വാഹനങ്ങളും മറ്റ് ചരക്ക് വാഹനങ്ങളും പരിശോധനയോ പിഴയോ കൂടാതെ കൈക്കൂലി വാങ്ങി അതിർത്തി കടത്തിവിടുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
അതിർത്തി ചെക്ക്പോസ്റ്റുകളിൽ രണ്ട് മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ കൈക്കൂലിയായി കൈപ്പറ്റുന്നതെന്നും ഈ തുക കൃത്യമായ ഇടവേളകളിൽ ഇടനിലക്കാർ മുഖേന പുതിയ മാർഗങ്ങളിലൂടെ മാറ്റുകയാണ് പതിവെന്നും വിജിലൻസ് പറയുന്നു. ഇതിന് ഇടനിലക്കാർക്ക് നല്ലൊരു സംഖ്യ പ്രതിഫലമുണ്ട്. വാളയാർ ഇൻ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ എം.വി.ഐ അടക്കം അഞ്ച് ഉദ്യോഗസ്ഥരും മറ്റ് ചെക്ക്പോസ്റ്റുകളിൽ ഒരു എ.എം.വി.ഐയും ഒരു ഓഫിസ് അസിസ്റ്റന്റുമാണ് ഒരു സമയം ഡ്യൂട്ടിയിൽ ഉണ്ടാവുക. രണ്ട് ദിവസങ്ങളിലെ പരിശോധനയിൽ മാത്രം മൂന്നേകാൽ ലക്ഷം രൂപ പിടിച്ചെടുത്തത് അതിർത്തി ചെക്ക്പോസ്റ്റുകളിലെ അഴിമതിയുടെ വ്യാപ്തിയാണ് വെളിവാക്കുന്നതെന്നാണ് വിജിലൻസ് പറയുന്നത്. പരിശോധനകളിലെ തുടർനടപടികളുടെ ഭാഗമായി 26 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിക്ക് ശിപാർശ ചെയ്ത് റിപ്പോർട്ട് നൽകിയത്. ഇതിൽ 13 പേരെ സസ്പെൻഡ് ചെയ്തു. ചെക്ക്പോസ്റ്റുകളിലെ അഴിമതി ആരോപണം, റെയ്ഡിന് വഴിയൊരുക്കിയ സാഹചര്യം എന്നിവ സംബന്ധിച്ച് ഗതാഗത കമീഷണർ മോട്ടോർ വാഹന വകുപ്പ് ജില്ല ഓഫിസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

