സപ്ലൈകോ നെല്ലുസംഭരണം: ചർച്ചകൾ നാളെ നാളെ, സംഭരണം നീളെ നീളെ...
text_fieldsഒന്നാം വിള കൊയ്ത്ത് തുടങ്ങിയ ചിറ്റൂർ പെരുമാട്ടി മേഖലയിലെ വയലുകൾ
പാലക്കാട്: സപ്ലൈകോയുടെ നെല്ലുസംഭരണം നീണ്ടുപോകുന്തോറും നെൽകർഷകരുടെ ആധി വർധിക്കുന്നു. ജില്ലയിൽ ഒന്നാം വിള കൊയ്ത്ത് ആരംഭിച്ചിട്ടും സംഭരണകാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം വകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും മില്ലുടമകളുമായി സമവായത്തിൽ എത്തിയില്ല. മില്ലുകാർ ഉന്നയിച്ച വിഷയങ്ങളിൽ നയപരമായ നിലപാട് ആവശ്യമായതിനാൽ ഇനി മുഖ്യമന്ത്രിയും ധനമന്ത്രിയും ഇടപെട്ടുള്ള ചർച്ചയിലാണ് പ്രതീക്ഷയെങ്കിലും തീയതിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതോടെ ജില്ലയിലെ ഒന്നാം വിള നെല്ലുസംഭരണം തുടക്കത്തിലേ പാളി.
കൊയ്ത്ത് ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് മില്ലുടമകൾ സംഭരണത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് വ്യക്തമാക്കിയെങ്കിലും സർക്കാർ ഇതിന്മേൽ ഒരുനടപടിയും എടുത്തില്ല. സപ്ലൈകോ മില്ലുടമകളുമായി ഉണ്ടാക്കിയ കരാറിന്റെ കാലാവധി ഈ മാസം 30 വരെ ഉള്ളതിനാൽ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലെ അലോട്ട്മെന്റ് മില്ലുടകൾക്ക് നൽകിയിരുന്നു. എന്നാൽ, തങ്ങൾ ആവശ്യപ്പെട്ട വിഷയങ്ങളിൽ തീരുമാനമാകുന്നതുവരെ സംഭരണത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന നിലപാടിലാണ് മില്ലുടമകൾ.
ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വ്യാപകമായും കിഴക്കൻ താലൂക്കുകളിൽ ചിലയിടത്തും കൊയ്ത്ത് തുടങ്ങി. നല്ല വെയിൽ ലഭിക്കുന്നതിനാൽ വയലുകൾ കൊയ്ത്തിന് പാകമായിക്കൊണ്ടിരിക്കുകയാണ്. ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ കൊയ്തെടുത്ത നെല്ല് തുച്ഛവിലയ്ക്ക് ഓപൺ മാർക്കറ്റിൽ കൊടുക്കാൻ നിർബന്ധിതരാകും.
മട്ടയിനത്തിൽപെട്ട ജ്യോതി നെല്ലിന് മാത്രമാണ് ഇപ്പോൾ ഓപൺ മാർക്കറ്റിൽ 28 രൂപ വരെ ലഭിക്കുന്നത്. മറ്റ് ഇനത്തിൽപെട്ട നെല്ലിന് കിലോക്ക് 18 മുതൽ 20 വരെയാണ് ഓപൺ മാർക്കറ്റ് വില. ജില്ലയിൽ കൂടുതൽ കർഷകരും ഒന്നാം വിളയ്ക്ക് ഉമ നെൽവിത്താണ് ഉപയോഗിച്ചിട്ടുള്ളത്. ഉമ ഏക്കറിന് 2500 കിലോ വരെ ലഭിക്കുമ്പോൾ ജ്യോതിക്ക് കിട്ടുന്നത് 1800 മാത്രമാണ്. ഒന്നാം വിളയിൽ മഴ കൂടുതൽ ലഭിക്കുന്നതിനാൽ നെൽച്ചെടികൾ നിലത്ത് വീഴാനുള്ള സാധ്യത കൂടുതലാണ്. ഉമയിൽ വീഴ്ചസാധ്യത കുറവാണെങ്കിൽ ജ്യോതിയിൽ വീഴ്ചസാധ്യത കൂടുതലാണ്. ഇതിനാൽ ഭൂരിഭാഗം കർഷകരും ഒന്നാം വിളയ്ക്ക് ഉമ നെൽവിത്താണ് ഉപയോഗിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

