ഒറ്റപ്പാലത്ത് മഞ്ഞപ്പിത്തം; കിണർ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് വിദ്യാർഥികൾ
text_fieldsഒറ്റപ്പാലം: മേഖലയിലെ മഞ്ഞപ്പിത്ത വ്യാപനം ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജലത്തിന്റെ സാമ്പിൾ ശേഖരണവുമായി വിദ്യാർഥികൾ. വരോട് കെ.പി.എസ്.എം.എം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവിസ് സ്കീം യൂണിറ്റിന്റെ സഹായത്തോടെയാണ് കിണറുകളിൽ നിന്ന് കുടിവെള്ള സാമ്പിൾ ശേഖരിച്ചത്. ഹയർസെക്കൻഡറി സയൻസ് വിഭാഗം റിസർച്ച് പ്രൊജക്ടിന്റെ ഭാഗമായിട്ടായിരുന്നു സാമ്പിൾ ശേഖരണം. അനങ്ങന്നടി, തൃക്കടിരി, വരോട് മേഖലകളിലെ മഞ്ഞപിത്ത വ്യാപനത്തെ തുടർന്നാണ് കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനക്കായി പദ്ധതി തയ്യാറാക്കിയത്.
ഒറ്റപ്പാലം ഭാഗത്തെ ഭാരതപുഴയുടെ പരിസരം, നഗരസഭ ഓഫീസ് വാർഡ്, വരോട് എന്നിവിടങ്ങളിലെ വിവിധ കിണറുകളിൽ നിന്നും സാമ്പിൾ ശേഖരിച്ചു. വെള്ളത്തിന്റെ കനം, കളർ, പി.എച്ച് മൂല്യം, കോളിഫോം, അമോണിയ, ക്ലോറൈഡ്, അയേൺ, പൊട്ടൻഷ്യൽ, കണ്ടക്റ്റൻസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ജലത്തിന്റെ സാമ്പിൾ പരിശോധനയിലൂടെ വ്യക്തമാക്കും.
ഒറ്റപ്പാലം എൻ.എസ്.എസ് കോളജിലെ കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ. പ്രിയയുടെ നേത്യത്വത്തിൽ വരോട് സ്കൂളിലെ ഹയർസെക്കണ്ടറി വിഭാഗം സുവോളജി അധ്യാപകൻ ഷാജി താഴത്തു വീട്, വിദ്യാർഥികളായ കീർത്തന, ആദിത്യ എന്നിവരാണ് വെള്ളം പരിശോധിക്കുന്നത്.
നഗര, ഗ്രാമ പ്രദേശങ്ങളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട താരതമ്യ പഠനവും ആലോചനയിലുണ്ടെന്ന് എൻ.എസ്.എസ് പ്രോഗ്രം ഓഫിസർ ടി.പി. പ്രദീപ് കുമാർ പറഞ്ഞു. കൗൺസിലർമാരായ ഹാഫിയ നൗഷാദ്, സജീഷ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

