അമിതഭാരം കയറ്റുന്നത് തടയാൻ വാഹനങ്ങള്‍ കർശനമായി പരിശോധിക്കും -ജില്ല വികസന സമിതി
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: അമിതഭാരം കയറ്റുന്നത് തടയാൻ വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുമെന്ന് ജില്ല വികസന സമിതി. പൊലീസ്, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്ത സ്‌ക്വാഡാണ് പരിശോധന നടത്തുക. അമിത ലോഡുമായി പോകുന്ന വാഹനങ്ങള്‍ അപകടങ്ങളും റോഡുകള്‍ക്ക് കേടുപാടുകളും ഉണ്ടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ വെള്ളപ്പന ലൈഫ് മിഷന്‍ സമുച്ചയത്തിന്‍റെ നിലവിലെ പ്രവൃത്തികൾ തുടരുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ ഐ.ഐ.ടിയെ ചുമതലപ്പെടുത്തണമെന്ന് സുമേഷ് അച്യുതന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പൊല്‍പ്പുള്ളി പഞ്ചായത്തില്‍ ഭൂമിക്ക് പട്ടയം നല്‍കിയപ്പോള്‍ 32 ഗുണഭോക്താക്കള്‍ക്ക് വഴിക്കുള്ള സ്ഥലം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും വേമ്പ്ര മലനാട് പ്രദേശത്തെ 15ഓളം കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അകത്തേത്തറ-നടക്കാവ് മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനുള്ള പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ പറഞ്ഞു. മലമ്പുഴയിലെ എസ്.ടി സഹകരണ സംഘത്തിന്റെ ഭൂസ്വത്ത് കൈയേറ്റം സംബന്ധിച്ച് നടപടി സ്വീകരിക്കുക, പുതുപ്പരിയാരം-മുണ്ടൂര്‍ ഭാഗത്ത് വാട്ടര്‍ടാങ്ക് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും വെള്ളം ലഭ്യമാക്കാത്തത് സംബന്ധിച്ച് അതിവേഗം നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും എം.എൽ.എ യോഗത്തിൽ ഉന്നയിച്ചു.
മുണ്ടൂര്‍-തൂത റോഡില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിക്കുന്നതില്‍ റോഡ് മാര്‍ക്കിങ്, സൂചന ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. മാന്നന്നൂര്‍ ഉരുക്കുതടയണ നിര്‍മാണ പുരോഗതി സംബന്ധിച്ചും ഷൊര്‍ണൂര്‍ ഷീ ലോഡ്ജ് നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികളും യോഗത്തിൽ ചര്‍ച്ച ചെയ്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എ. അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ മുഹമ്മദ് റാഫി, മുരളി മോഹന്‍, പാലക്കാട് ആര്‍.ഡി.ഒ കെ. ദേവകി, ജില്ല പ്ലാനിങ് ഓഫിസര്‍ ഏലിയാമ നൈനാന്‍, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

