തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു
text_fieldsതെരുവുനായ്ക്കൾ കടിച്ചുകൊന്ന ഞാറക്കോട് ഉലഹന്നാന്റെ ആടുകൾ
മണ്ണൂർ: മണ്ണൂരിൽ തെരുവുനായ് ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. രണ്ട് ആടുകൾക്ക് മാരകമായി പരിക്കേറ്റു. മണ്ണൂർ ഞാറക്കോട് വടക്കനേടത്ത് ഉലഹന്നാന്റെ ആടുകളെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
മേയാൻ പുറത്തുപോയ സമയത്താണ് കൂട്ടമായെത്തിയ തെരുവുനായ്ക്കൾ ആക്രമിച്ചത്. ആടുവളർത്തിയാണ് ഇവരുടെ ഉപജീവനം. സംഭവമറിഞ്ഞ് മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ, പഞ്ചായത്ത് അംഗങ്ങളായ വി.സി. പ്രീത, എ.എ. ശിഹാബ്, വെറ്ററിനറി ഡോക്ടർ ഗ്രീഷ്മ എന്നിവർ സ്ഥലത്തെത്തി. തെരുവുനായ് ശല്യം രൂക്ഷമായതോടെ വിദ്യാർഥികളടക്കം ഭീതിയിലാണ്. കേന്ദ്ര സർക്കാറിൽ നിന്ന് ഇക്കാര്യത്തിൽ നടപടി ഉണ്ടാവണമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത പറഞ്ഞു.
പട്ടിയുടെ കടിയേറ്റ് പ്രതിദിനം ചികിത്സ തേടുന്നത് ഇരുനൂറോളം പേർ
പാലക്കാട്: പട്ടിയുടെ കടിയേറ്റ് ജില്ല ആശുപത്രിയിൽ മാത്രം ദിവസേന എത്തുന്നത് എൺപതോളം പേർ. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ആശുപത്രികളിലായി ഏകദേശം 200 പേരും എത്തുന്നുണ്ടെന്ന് അധികൃതർ പറയുന്നു. പ്രാഥമികാശുപത്രി മുതൽ ജില്ല ആശുപത്രി വരെയുള്ള സർക്കാർ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവെപ്പുണ്ട്.
മുറിവിന്‍റെ ആഴമനുസരിച്ച് കാറ്റഗറിയായി തിരിച്ചാണ് ചികിത്സ. ഇൻട്രോ ഡെർമൽ റാബിസ് വാക്സിൻ, ആന്‍റി റാബിസ് സിറം പ്രതിരോധ വാക്സിനുകൾ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണ്. തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദനയും തരിപ്പും എന്നിവയാണ് പേ വിഷബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോട് ഭയം ഉണ്ടാകുന്നു.
സാധാരണഗതിയിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ടുമുതൽ മൂന്നുമാസം വരെ എടുക്കും. ചിലപ്പോൾ അത് ഒരാഴ്ച മുതൽ ഒരു വർഷംവരെയാകാം. മൃഗങ്ങളുടെ കടിയേറ്റാലുടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

