ഒറ്റപ്പാലത്ത് തെരുവുനായ് ആക്രമണം വ്യാപകം
text_fieldsഒറ്റപ്പാലം: നഗരസഭ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണം വ്യാപകമായി തുടരുന്നതിനാൽ ജനം ആധിയിലാണെന്നും അടിയന്തരമായി പരിഹാര നടപടി കൈക്കൊള്ളണമെന്നും കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു. കഴിഞ്ഞ ദിവസം പടിഞ്ഞാർക്കര സ്കൂൾ പരിസരത്ത് നിന്നും വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചപ്പോഴെല്ലാം അധികൃതർ പരസ്പരം കൈമലർത്തുകയായിരുന്നെന്ന് വാർഡ് കൗൺസിലർ ആരോപിച്ചു. ഹൈകോടതിയുടെ ഉത്തരവ് നിലനിൽക്കെ തന്നെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് തുടരുകയാണെന്നായിരുന്നു മറ്റൊരു കൗൺസിലർ ഉന്നയിച്ച പരാതി. പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേർക്ക് മായന്നൂർ പാലത്തിൽ നിന്നും കടിയേറ്റത് പേ വിഷബാധയുള്ള നായിൽ നിന്നാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് 526 തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയതായി നഗരസഭ അധികൃതർ അറിയിച്ചു.
ആദ്യഘട്ട കണക്കെടുപ്പിൽ കണ്ടെത്തിയ 926 നായ്ക്കളിൽ ഉൾപ്പെട്ടവയാണിത്. പിന്നീട് നടന്ന രണ്ടാംഘട്ട കണക്കെടുപ്പിൽ നായ്ക്കളുടെ എണ്ണം 1,075 ആയി ഉയർന്നു. ഇവക്കെല്ലാം കുത്തിവെപ്പ് നൽകാനാണ് രാവിലെ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗ തീരുമാനമെന്ന് നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു. എ.ബി.സി പദ്ധതി പ്രകാരം വന്ധ്യംകരണത്തിനായി നായ്ക്കളെ പിടിക്കാൻ മൂന്ന് പേർ മാത്രമാണ് ജില്ലയിലുള്ളത്. ഇവർക്ക് പുറമെ മലപ്പുറം ജില്ലയിൽ നിന്നുള്ളവരെ കൂടി കണ്ടെത്തി ഏഴംഗ സംഘത്തെ നിയോഗിക്കാനാണ് തീരുമാനം.
കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ വ്യവസ്ഥയുണ്ടെങ്കിലും തെരുവ് നായ്ക്കളുടെ കാര്യത്തിൽ നിസ്സഹായാവസ്ഥയാണെന്നും രാജേഷ് പറഞ്ഞു. കുത്തിവെപ്പെടുത്ത നായ്ക്കളുടെ ദേഹത്ത് രേഖപെടുത്തുന്ന അടയാളം മഴയിലും മറ്റും മാഞ്ഞുപോകുന്നതും പ്രശ്നമാകുന്നുണ്ട്. നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനായി രണ്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി എ.എസ്. പ്രദീപ് പറഞ്ഞു. നായ് ഒന്നിന് 300 രൂപയും വണ്ടി വാടകയുമാണ് നായ് പിടുത്തക്കാർക്ക് പ്രതിഫലമായി നൽകേണ്ടത്. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

