പാലക്കാട് നഗരം കീഴടക്കി തെരുവുനായ്ക്കൾ
text_fieldsപാലക്കാട് വിക്ടോറിയ കോളജിന് സമീപം നിരത്തിലിറങ്ങിയ നായ്ക്കൾ
പാലക്കാട്: നഗരത്തിൽ തെരുവുനായ് ശല്യം മൂലം പൊറുതിമുട്ടി ജനം. പ്രധാന നഗരപാതകളെല്ലാം നായ്ക്കൾ കൈയടക്കി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്കാണ് കടിയേറ്റത്. കാൽനടക്കാരും വിദ്യാർഥികളും ഭീതിയോടെയാണ് നഗരത്തിലേക്കിറങ്ങുന്നത്.
ഇരുചക്ര വാഹനങ്ങളുടെ മുന്നിലേക്ക് നായ്ക്കൾ ചാടിയും അപകടമുണ്ടാവുന്നുണ്ട്. വെളിച്ചമില്ലാത്ത ഇടവഴികളിൽ പതിയിരുന്ന് ആക്രമിക്കുന്നതിനാൽ ആളുകൾ രാത്രി പുറത്തിറങ്ങുന്നത് ഒഴിവാക്കുകയാണ്. പ്രഭാത നടത്തത്തിനിറങ്ങുന്നവരും ആക്രമണത്തിനിരയാകുന്നത് പതിവാണ്.
ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലടക്കമുള്ള മാലിന്യം നായ്ക്കൾ തമ്പടിക്കുന്നതിന് കാരണമാകുന്നുണ്ട്. കോവിഡ് പ്രതിസന്ധിമൂലം എ.ബി.സി (ആനിമൽ ബെർത്ത് കൺട്രോൾ) പ്രകാരമുള്ള വന്ധ്യംകരണം കാര്യക്ഷമമായി നടക്കാത്തതാണ് ഇവ പെറ്റുപെരുകാനുള്ള പ്രധാന കാരണം.
ആറായിരത്തഞ്ഞൂറോളം നായ്ക്കളുടെ വന്ധ്യംകരണം മാത്രമേ ഒരുവർഷത്തിനുള്ളിൽ ജില്ലയിൽ നടന്നിട്ടുള്ളൂ. വന്ധ്യംകരണത്തിന് ഒരു നായ്ക്ക് 1500 രൂപ കണക്കാക്കി 10 ലക്ഷം രൂപയാണ് ജില്ല പഞ്ചായത്ത് ഒരുവർഷം മാറ്റിവെക്കുന്നത്.
നഗരത്തിലെ ആളൊഴിഞ്ഞ ഭാഗങ്ങളിൽ തള്ളുന്ന കോഴിമാലിന്യമടക്കം കഴിക്കുന്ന നായ്ക്കൾക്ക് മനുഷ്യരെ ആക്രമിക്കാനുള്ള പ്രേരണ കൂടുതലാണ്. പേ വിഷബാധ ഏൽക്കാതിരിക്കാനുള്ള വാക്സിൻ ജില്ല ആശുപത്രിയിൽ നാമമാത്രമായ ഡോസാണ് ബാക്കിയുള്ളത്.
ജില്ലയിലെ മറ്റ് ആശുപത്രികളിലേക്കും ഇവിടെനിന്നാണ് വാക്സിൻ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലടക്കം വാക്സിൻ ക്ഷാമം മൂലം കടിയേറ്റവരെ തിരിച്ചയച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

