സംഭരണം ഇഴയുന്നു; ആശങ്കയിൽ കർഷകർ
text_fieldsപാലക്കാട്: കൊയ്ത്ത് ആരംഭിച്ച് മാസം കഴിഞ്ഞിട്ടും സപ്ലൈകോ നെല്ല് സംഭരണം കാര്യക്ഷമമാകാത്തത് കർഷകരെ ദുരിതത്തിലാക്കുന്നു. നാല് മില്ലുകൾ ഒഴികെ സംസ്ഥാനത്തെ 54 മില്ലുകൾ സംഭരണത്തിൽ നിന്നു വിട്ടുനിൽക്കുന്നതോടെ സംഭരണം അവതാളത്തിലായി. വിളവെടുപ്പ് സജീവമായ ജില്ലയിൽ കൊയ്തെടുത്ത നെല്ല് സ്ഥല പരിമിതികാരണം വീടിന്റെ വരാന്തയിലും മുറ്റത്തും ചാക്കിലും അല്ലാതെയും സൂക്ഷിച്ചിരിക്കുകയാണ്. സംഭരണം ഇഴയുന്നതിനാൽ കർഷകരിൽ പലരും വിളവെടുപ്പ് വൈകിപ്പിച്ചു. എന്നാൽ, മഴ കർഷകരെ അങ്കലാപ്പിലാക്കുന്നു. കനത്ത മഴയിൽ പലയിടത്തും നെൽച്ചെടി വെള്ളത്തിൽ വീണു. മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരവധി ചർച്ചകൾ നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാതെ സംഭരണം നടത്തില്ലെന്ന തീരുമാനത്തിലാണ് മില്ലുടമകൾ.
ഒന്നാം വിളക്ക് 50,000ഓളം രജിസ്ട്രേഷനാണ് സപ്ലൈകോവിന് ലഭിച്ചത്. ജ്യോതി മട്ടയ്ക്ക് താങ്ങുവിലയും മറികടന്ന് ഓപ്പൺ മാർക്കറ്റിൽ കിലോയ്ക്ക് 30ന് മുകളിൽ വില ലഭിക്കുമ്പോൾ ഉമ വിത്ത് ഉപയോഗിച്ച കർഷകർ വളരെ കഷ്ടത്തിലാണ്. 15 മുതൽ 18 വരെയാണ് ഉമ നെല്ലിന് ലഭിക്കുന്നത്. ഒന്നാം വിളക്ക ഭൂരിഭാഗം കർഷകരും ഉമ വിത്ത് ഉപയോഗിച്ച് കൃഷിയിറക്കിയ കർഷകരാണ്. സപ്ലൈകോ നെല്ല് സംഭരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ കർഷക സംഘം ഉൾപ്പടെ നിരവധി സംഘടനകൾ സമരം നടത്തിയിട്ടും ഇതുവരെയും ഒരു പുരോഗതിയും ഇല്ലാത്തത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

