ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചതോടെ ഇരുട്ടിൽ തപ്പി സ്റ്റേഡിയം ബസ് സ്റ്റാൻഡ്
text_fieldsഹൈമാസ്റ്റ് വിളക്ക് മിഴിയടച്ചതോടെ ഇരുട്ടിലായ സ്റ്റേഡിയം ബസ് സ്റ്റാൻഡ്
പാലക്കാട്: ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന സ്റ്റേഡിയം ബസ് സ്റ്റാൻഡ് സന്ധ്യയായാൽ ഇരുട്ടിൽ. ലക്ഷങ്ങൾ മുടക്കിയ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചിട്ടും സ്റ്റാൻഡിൽ വെളിച്ചമില്ലാത്ത സ്ഥിതിയാണ്. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് മൊബൈൽ ടോർച്ചും ബസുകളിൽ നിന്നുള്ള വെളിച്ചവുമാണ് ആശ്രയം. സ്റ്റാൻഡിൽനിന്ന് ബസുകൾ പുറത്തിറങ്ങുന്ന ഭാഗത്തുള്ള ഹൈമാസ്റ്റ് വിളക്ക് പ്രവർത്തനരഹിതമാകുന്നതാണ് പ്രശ്നം. പത്തുവർഷം മുമ്പാണ് 40 ലക്ഷം രൂപ ചെലവിൽ ഒലവക്കോട്, സ്റ്റേഡിയം സ്റ്റാൻഡ്, മേഴ്സി കോളജ്, ബി.ഇ.എം സ്കൂൾ ജങ്ഷൻ, ഐ.എം.എ ജങ്ഷൻ എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചത്. ഇതിൽ മിക്കതിലെയും ബൾബുകൾ കേടായിട്ട് കാലങ്ങളായി.
സ്റ്റേഡിയം സ്റ്റാൻഡിലെ എട്ടു ബൾബുകളുള്ള ഹൈമാസ്റ്റ് വിളക്കിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ പ്രകാശിക്കുന്നത്. സ്റ്റാൻഡിന്റെ വടക്കുവശത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കു കൊണ്ട് യാതൊരു പ്രയോജനവുമില്ലാത്ത സ്ഥിതിയുമാണ്. സ്റ്റാൻഡിനു മുൻവശത്തെ ട്രാക്കുകളിൽ മതിയായ വിളക്കുകളില്ലാത്തതിനാൽ ഇവിടവും രാത്രിയായാൽ ഇരുട്ടിലാണ്. സമീപത്ത് സ്വകാര്യ ബാറുള്ളതിനാൽ സന്ധ്യ മയങ്ങിയാൽ സ്റ്റാൻഡും പരിസരവും മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി മാറുകയാണ്.
അറ്റകുറ്റപ്പണികൾ നടത്താത്തതും സാങ്കേതിക തകരാറുകൾ പരിഹരിക്കാത്തതുമാണ് ഹൈമാസ്റ്റ് വിളക്കുകൾ മിഴിയടക്കാൻ കാരണമാകുന്നത്. രാപകലന്യേ നിരവധി ബസുകളും യാത്രക്കാരും വന്നു പോകുന്ന തിരക്കേറിയ സ്റ്റേഡിയം സ്റ്റാൻഡിൽ ഹൈമാസ്റ്റ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

