ചോർന്നൊലിച്ച് സ്റ്റേഡിയം ബസ് സ്റ്റാൻഡ്
text_fieldsസ്റ്റേഡിയം സ്റ്റാൻഡിന്റെ മേൽക്കൂരയിൽനിന്ന് ചോരുന്ന വെള്ളം ശേഖരിക്കാൻ ബക്കറ്റുകൾ വെച്ചിരിക്കുന്നു
പാലക്കാട്: മഴക്കാലത്ത് ചോർന്നൊലിക്കുന്ന നഗരസഭ സ്റ്റേഡിയം സ്റ്റാൻഡ് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായി. സ്റ്റാൻഡിന്റെ മേൽക്കൂരയിൽ രൂപപ്പെട്ട ദ്വാരങ്ങളിൽനിന്നാണ് മഴവെള്ളം താഴേക്ക് പതിക്കുന്നത്. വർഷങ്ങളായി തുടരുന്ന ഈ ദുരിതം ഇതുവരെ പരിഹരിക്കപ്പെട്ടില്ല.
മഴക്കാലത്ത് മേൽക്കൂരയിൽ നിന്ന് വെള്ളം വീഴുമ്പോൾ വ്യാപാരികൾ ബക്കറ്റ് വെച്ചാണ് താൽക്കാലിക പരിഹാരം കാണുന്നത്. മുൻവശത്തെ ബസുകൾ നിൽക്കുന്ന ഭാഗത്തെ മേൽക്കൂരയാണ് ചോർന്നൊലിക്കുന്നത്. വെള്ളം തറയിൽ കെട്ടിനിൽക്കുന്നതിനാൽ യാത്രക്കാർ ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ തെന്നി വീഴാനും സാധ്യത കൂടുതലാണ്. യാത്രക്കാരെയും ബസ് ജീവനക്കാരെയും വ്യാപാരികളെയുമെല്ലാം ഇത് ഒരുപോലെ പ്രയാസത്തിലാക്കുന്നുണ്ട്.
മുൻവശത്തെയും പിൻവശത്തെയും നടപ്പാതകൾക്ക് പുറമെ സ്റ്റാൻഡിനകത്തുള്ള ഇടവഴികളുടെ സ്ഥിതിയും മോശമാണ്. സ്റ്റാൻഡിന്റെ പിൻവശത്ത് ബസുകൾ നിർത്തുന്ന ഭാഗത്ത് മേൽക്കൂരയില്ലാത്തതിനാൽ മഴപെയ്താൽ വെള്ളം നടപ്പാതയിലേക്കാണ് വീഴുന്നത്. മുൻവശത്തെയും പിൻവശത്തെയും നടപ്പാതകളിൽ മിക്കയിടത്തും ടൈൽസുകൾ ഇളകി കിടക്കുകയാണ്.
ഒന്നരപ്പതിറ്റാണ്ടിലേറെ പഴക്കമുള്ള നഗരസഭാ സ്റ്റേഡിയം സ്റ്റാൻഡിൽ ഇതുവരെ നവീകരണ പ്രവർത്തികളോ അറ്റകുറ്റപ്പണികളോ നടത്തിയിട്ടില്ല. നിത്യേന നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നു പോകുന്ന തിരക്കേറിയ സ്റ്റാൻഡിനാണ് ഈ ദുരവസ്ഥ. സ്റ്റാൻഡ് പിരിവിലും കടകളുടെ വാടകയിനത്തിലും പ്രതിമാസം ലക്ഷങ്ങൾ പിരിക്കുന്ന നഗരസഭ ഇവിടത്തെ പരാധീനതകൾക്കും പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

