തീറ്റ നൽകാനെത്തിയ പാപ്പാനെ ആന ചവിട്ടിക്കൊന്നു; യുവാവിന്റെ ഉടലും തലയും വേർപ്പെട്ടു
text_fieldsരാജേഷ്
ശ്രീകൃഷ്ണപുരം (പാലക്കാട്): സൊസൈറ്റിപടിക്ക് സമീപം ശ്രീകൃഷ്ണനിലയത്തിൽ രാമകൃഷ്ണെൻറ ഉടമസ്ഥതയിലുള്ള ആന പാപ്പാനെ ചവിട്ടിക്കൊന്നു. ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് രണ്ടാം പാപ്പാനായ പാടൂർ സ്വദേശി രാജേഷിനെ (26) ചവിട്ടിക്കൊന്നത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
തീറ്റ നൽകാനായി ആനയുടെ അടുത്തേക്ക് ചെന്നപ്പോഴാണ് ആന രാജേഷിനെ ആക്രമിച്ചത്. രാജേഷിെൻറ ഉടലും തലയും വേർപ്പെട്ട നിലയിലാണ്. ഒരു മാസം മുമ്പാണ് രണ്ടാം പാപ്പാനായി രാജേഷ് ചുമതലയേറ്റത്. ആന കെട്ട്തറിയിൽ തന്നെയാണ് നിൽക്കുന്നത്. മറ്റ് അക്രമ സ്വഭാവങ്ങൾ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല.
ഒരു പ്രകോപനവും കൂടാതെ ആന രാജേഷിനെ അക്രമിക്കുകയായിരുന്നെന്ന് ഒന്നാം പാപ്പാൻ രാധാകൃഷ്ണൻ പൊലീസിന് മൊഴി നൽകി. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: പീച്ചാംകോട് കുമ്പാരതറയിൽ കുമാരൻ. മാതാവ്: മീനാകുമാരി. ഭാര്യ: മായ. മക്കൾ: അമേയ, കൈലാഷ്. സഹോദരങ്ങൾ: രാഹുൽ, ആതിര.

