നീന്തൽക്കുളത്തിൽ മെഡലുകൾ വാരിക്കൂട്ടി കായിക കുടുംബം
text_fieldsതൃശൂരിൽ നടന്ന 15ാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം ഉൾപ്പെടെ മെഡലുകൾ നേടിയ കെ. ശശീന്ദ്രൻ, ഭാര്യ എസ്. പ്രമീള, മകൻ എസ്. സിദ്ധാർത്ഥ്
പാലക്കാട്: കേരള അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടന്ന 15ാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി അകത്തേത്തറയിലെ കായിക കുടുംബം. മലമ്പുഴ ചെക്ക് ഡാമിൽ ഭിന്നശേഷിക്കാരെയും ഓട്ടിസം ബാധിച്ചവരെയും ഉൾപ്പെടെ നീന്തൽ പഠിപ്പിക്കുന്ന അകത്തേത്തറ സൂര്യനഗർ ദ്വാരകയിൽ കെ. ശശീന്ദ്രൻ (56), ഭാര്യ എസ്. പ്രമീള (50), മകൻ എസ്. സിദ്ധാർത്ഥ് (25) എന്നിവരാണ് സ്വർണം, വെള്ളി, വെങ്കല മെഡലുകൾ വീട്ടിലെത്തിച്ചത്. മികച്ച ഫോമിലായിരുന്ന ശശീന്ദ്രൻ ആറ് സ്വർണമാണ് കരസ്ഥമാക്കിയത്. പ്രമീള ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയപ്പോൾ സിദ്ധാർത്ഥ് മൂന്ന് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി. അത്ലറ്റിക് താരമായ സിദ്ധാർത്ഥിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
റിട്ട. വ്യോമസേന ഉദ്യോഗസ്ഥനായ ശശീന്ദ്രൻ കുറച്ചു വർഷങ്ങളായി മുതിർന്നവരെയും ഓട്ടിസം പോലുള്ള അസുഖബാധിതരെയും നീന്തൽ പഠിപ്പിക്കുന്നുണ്ട്. ശശീന്ദ്രന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗം മത്സരങ്ങളിലെല്ലാം ഇവർ പങ്കെടുക്കാറുണ്ട്. മാസ്റ്റേഴ്സ് മീറ്റിൽ ജില്ലയിൽനിന്നും ഒമ്പത് പേരാണ് പങ്കെടുത്തത്. 50, 100, 200 മീറ്റർ ബട്ടർഫ്ലൈ, 200 മീറ്റർ വ്യക്തിഗതം, 4x50 ഫ്രീസ്റ്റൈൽ റിലേ, 4x50 മിഡ് ലേ റിലേ തുടങ്ങിയ ഇനങ്ങളിലാണ് ശശീന്ദ്രന് സ്വർണ മെഡൽ ലഭിച്ചത്.
പാലക്കാട് റവന്യു വകുപ്പിലെ ജീവനക്കാരിയായ ഭാര്യ പ്രമീള 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിലാണ് സ്വർണം നേടിയത്. ശശീന്ദ്രന് കീഴിൽ നീന്തൽ പഠിക്കുന്ന പാലക്കാട് സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് ജി. ദുർഗ, കുഴൽമന്ദം സ്വദേശി കെ. കീർത്തി എന്നിവരും സ്വർണം കൊയ്തു. ശശീന്ദ്രന്റെ ഇളയ മകൻ എസ്. സഞ്ജയും നീന്തൽ താരമാണ്. മാസ്റ്റേഴ്സ് സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയവർക്ക് ബംഗളൂരുവിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

