അപകടത്തിൽപ്പെട്ട ചോരക്കുഞ്ഞിന് താങ്ങായി സ്പീക്കർ
text_fieldsകൂറ്റനാട്: നടുറോഡില്‍ ചോരയില്‍ കുളിച്ച് കിടന്ന കുരുന്നിനെ വാരിയെടുത്ത് സ്പീക്കർ എം.ബി. രാജേഷ്. തൃത്താലയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള പതിവ് യാത്രക്കിടെ തിങ്കളാഴ്ച രാത്രി പത്തോടെ തിരുവനന്തപുരം ജില്ലയിലെ മംഗലപുരത്തിനടുത്ത് ദേശീയപാതയിയില്‍ എട്ടു മാസം മാത്രം പ്രായമുള്ള ഇസാന്‍ ചോരയില്‍ കുളിച്ചുകിടക്കുന്നതായി കാണപ്പെടുകയായിരുന്നു.
വാഹനം നിര്‍ത്തി ഇറങ്ങിയപ്പോള്‍ തൊട്ടടുത്ത് അപകടത്തില്‍പ്പെട്ട നിലയില്‍ ഒരു മാരുതി ആള്‍ട്ടോ കാര്‍ കണ്ടു. അപകടസമയത്ത് കുഞ്ഞ് കാറില്‍നിന്ന് തെറിച്ചു വീണതാണെന്ന് തിരിച്ചറിഞ്ഞ സ്പീക്കര്‍ ഒപ്പമുണ്ടായിരുന്ന പൈലറ്റ് പൊലീസുകാരോട് വാഹനത്തിനുള്ളില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നിർദേശം നല്‍കി. ഒപ്പം കുഞ്ഞിനെയെടുത്ത് തൊട്ടടുത്തുള്ള കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ഹോസ്പിറ്റലിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചു. ഇപ്പോള്‍ കുട്ടിയും മാതാപിതാക്കളും അപകടനില തരണം ചെയ്തുവരുകയാണ്.

