ഒറ്റമുറി പ്ലാസ്റ്റിക് ഷെഡിൽ കഴിയുന്നത് ആറംഗ കുടുംബം
text_fieldsഒറ്റമുറി പ്ലാസ്റ്റിക് ഷെഡിൽ കഴിയുന്ന കോട്ടായി മഠത്തിൻപടി
ശിവദാസനും കുടുംബവും
കോട്ടായി: കാലപ്പഴക്കത്താൽ ഓടിട്ട വീട് മഴയിൽ തകർന്നടിഞ്ഞതോടെ ആറംഗ പട്ടികജാതി കുടുംബം താമസിക്കുന്നത് ഒറ്റമുറി പ്ലാസ്റ്റിക് ഷെഡിൽ. കോട്ടായി പഞ്ചായത്തിലെ മൂന്നാം വാർഡിൽ മഠത്തുംപടി ശിവദാസൻ, ഭാര്യ രാധിക, പത്താം ക്ലാസിൽ പഠിക്കുന്ന മകൾ, എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ, പ്രായമായ മാതാപിതാക്കൾ എന്നിവരാണ് ഒറ്റമുറി പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ ഷെഡിൽ തിങ്ങി ഞെരുങ്ങിക്കഴിയുന്നത്.
ഈ പട്ടികജാതി കുടുംബത്തിന്റെ അടുക്കളയും കിടപ്പുമുറിയും മക്കളുടെ പഠന മുറിയും എല്ലാം ഈ ഒറ്റമുറി ഷെഡിലാണ്. പാതയോരത്തെ ഏതാനും മണിക്കൂർ നേരം പ്രവർത്തിക്കുന്ന ശിവദാസന്റെ തട്ടുകടയാണ് കുടുംബത്തിന്റെ ഏക ജീവിതാശ്രയം. നിത്യജീവിതത്തിനുതന്നെ പ്രയാസപ്പെടുന്ന കുടുംബത്തിന് സുരക്ഷിതമായ വീട് സ്വപ്നം മാത്രമാണ്.
വീട് തകർന്നു വീണശേഷം ശിവദാസൻ മുട്ടാത്ത വാതിലുകളില്ല. നിരവധി തവണ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും റേഷൻ കാർഡ് മുൻഗണന പട്ടികയിലുള്ള ഇവർക്ക് വീടനുവദിച്ചിട്ടില്ല. അനുവദിക്കുന്നതിന് എന്താണ് തടസ്സമെന്ന് പഞ്ചായത്തധികൃതർ വ്യക്തമാക്കുന്നുമില്ലെന്ന് ഇവർ പറയുന്നു.
മഴ പെയ്താൽ ചോരുന്നതിന് പുറമേ ചെറിയ കാറ്റ് വീശിയാൽ ആടിയുലയുന്നതിനാൽ ശിവദാസനും രാധികയും ഉൾക്കിടിലത്തോടെ കാവലിരിപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

