പക്ഷികളുടെ അത്ഭുതലോകം തുറന്ന് സൈലന്റ് വാലി
text_fieldsപക്ഷി നിരീക്ഷണത്തിൽ പങ്കെടുത്ത ടീം അംഗങ്ങൾ
അലനല്ലൂർ: സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ സംരക്ഷിതവനമേഖലയും ബഫര്‍സോണുമുള്‍പ്പെടെ ഉള്‍ക്കൊള്ളിച്ച് ആദ്യമായി സമഗ്ര പക്ഷി നിരീക്ഷണം നടത്തി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും 85 പക്ഷിനിരീക്ഷകരാണ് സര്‍വേയുടെ ഭാഗമായത്. സര്‍വേയില്‍ 192 ഇനം പക്ഷികളെ തിരിച്ചറിഞ്ഞു. അപൂര്‍വമായി മാത്രം കാണുന്ന ദേശാടനപക്ഷികളായ ഏഷ്യന്‍ ഹൗസ് മാര്‍ട്ടിന്‍, വെസ്റ്റേണ്‍ ഹൗസ് മാര്‍ട്ടിന്‍ എന്നീ പക്ഷികളെയും കണ്ടെത്തി.
വനംവകുപ്പും മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയും (എം.എന്‍.എച്ച്.എസ്.) ചേര്‍ന്നാണ് സര്‍വേ നടത്തിയത്. പശ്ചിമഘട്ടത്തിലെ തദ്ദേശീയരായ നീലഗിരി ചിലപ്പൻ, കാട്ടുനീലി, നീലഗിരി ഷോലക്കിളി, ചെമ്പുവയറൻ ചോലക്കിളി തുടങ്ങി 20 ഇനം പക്ഷികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളത്തില്‍ സ്ഥിരവാസികളായ മാക്കാച്ചിക്കാട, രാച്ചുക്ക്, ലളിതകാക്ക, തീക്കാക്ക, ചെറുതേൻകിളി, മഞ്ഞതേൻകിളി, കോഴി വേഴാമ്പൽ, മലമ്പ്രാവ് തുടങ്ങി പതിനൊന്നോളം ഇനങ്ങൾ പ്രജനനത്തിനായി കൂടുക്കൂട്ടുന്നതും സര്‍വേയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ദേശീയോദ്യാനത്തിലെ വിവിധമേഖലകളില്‍ മുമ്പ് പലതവണയായി പക്ഷിനീരിക്ഷണം നടത്തിയിട്ടുണ്ട്. എന്നാല്‍, ഇതില്‍വരുന്ന 21 ക്യാമ്പുകളിലും ചെന്ന് ഇത്രവിപുലമായ രീതിയില്‍ സര്‍വേ നടത്തുന്നത് ഇതാദ്യമായാണ്. ക്യാമ്പ് സൈലന്റ് വാലി ദേശീയോദ്യാന വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ഹരികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അസി. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ വി.എസ്. വിഷ്ണു, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.ഇ. ബിജുമോന്‍, എം.എന്‍.എച്ച്.എസ് മുതിർന്ന അംഗങ്ങളായ ഡോ. ജാഫര്‍ പാലോട്ട്, സത്യന്‍ മേപ്പയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

