വനിതകളെ അധിക്ഷേപിച്ചെന്ന്: ബി.എം.എസ് നേതാവിനെതിരെ പരാതി
text_fieldsഷൊർണൂർ: വനിത ജീവനക്കാരികളെ അശ്ലീലമായി അധിക്ഷേപിച്ച് പ്രസംഗിച്ചതിനെതിരെ ബി.എം.എസ് നേതാവിനെതിരെ പരാതി. പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും ഷൊർണൂർ പൊലീസ് പറഞ്ഞു. ഷൊർണൂർ കേരളീയ ആയുർവേദ സമാജം ആശുപത്രിയിലെ വനിത ജീവനക്കാരാണ് വാർത്തസമ്മേളനം നടത്തി പരാതി നൽകിയ കാര്യം അറിയിച്ചത്.
ആശുപത്രിയിലെ ഒരു വനിത ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിലാണ് യൂനിയൻ നേതാവ് അശ്ലീലച്ചുവയോടെ സമാജം പ്രസിഡന്റിനെയും വനിത ജീവനക്കാരെയും ബന്ധപ്പെടുത്തി പ്രസംഗിച്ചത്. ഇതിന്റെ വിഡിയോ ക്ലിപ്പ് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും വാർത്തസമ്മേളനത്തിൽ പങ്കെടുത്ത പി. പുഷ്പലത, സി. അനിത, ഇ.എം. സുലൈഖ, പി.ആർ. പ്രസന്ന എന്നിവർ പറഞ്ഞു.

