ഷൊർണൂർ: രാഷ്ട്രീയം മാത്രമല്ല, കൃഷിയും വഴങ്ങും വി.കെ. ശ്രീകണ്ഠൻ എം.പിക്ക്.
പരിത്തിപ്ര കോഴിപ്പാറയിലെ ഒരേക്കർ പാടത്ത് കുടുംബസുഹൃത്തായ ഗംഗാധരനുമൊപ്പം നെൽകൃഷിയിറക്കിയിരിക്കുകയാണ് എം.പി. കർഷകദിനമായ ചിങ്ങം ഒന്നിനുതന്നെ വിത്തിട്ടത് മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകരോടുള്ള ആദരസൂചകമായാണ്. എം.പി ട്രാക്ടറോടിച്ച് നിലം ഉഴുതുമറിക്കുകയും ചെയ്തു.
നെൽകൃഷിക്കായി പ്രത്യേക പാക്കേജ് ലഭ്യമാക്കാൻ ലോക്സഭയിൽ വിഷയം ഉന്നയിക്കുമെന്നും ഭക്ഷ്യധാന്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കൽ അനിവാര്യമാണെന്നും ശ്രീകണ്ഠൻ പറഞ്ഞു. അഡ്വ. ആകാശ്, എം. ദീപക്, എം. രാജഗോപാൽ, സോമൻ എന്നിവർ പങ്കെടുത്തു.