അപൂർവ്വമായി മാത്രം ഒഴുകുന്ന നിള; മഴയെ നെഞ്ചേറ്റി നിറഞ്ഞൊഴുകി ഭാരതപ്പുഴ
text_fieldsഷൊർണൂർ കൊച്ചിപ്പാലത്തിനും റെയിൽവേ പാലത്തിനുമിടയിൽ പരന്നൊഴുകുന്ന ഭാരതപ്പുഴ
ഷൊർണൂർ: മഴക്കാലം പിറന്നതിന് ശേഷം ഇതാദ്യമായി പരന്നൊഴുകി ഭാരതപ്പുഴ. മുൻ കാലങ്ങളിൽ മഴക്കാലത്ത് നിരവധി ദിവസങ്ങളിൽ നിറഞ്ഞൊഴുകിയിരുന്ന നിള ഇപ്പോൾ ഇരുകര മുട്ടി പരന്നൊഴുകുന്നത് തന്നെ അപൂർവമായാണ്. മാത്രമല്ല, പുഴ പരന്നൊഴുകുന്നത് അപൂർവം സ്ഥലങ്ങളിലുമാണ്.
അനധികൃതവും അനിയന്ത്രിതവുമായി പതിറ്റാണ്ടുകളോളം നടത്തിയ മണലെടുപ്പ് മൂലമാണ് പുഴ മരണാസന്നയായത്. ചിലയിടങ്ങളിൽ കുഴികൾ നിറഞ്ഞും മറ്റിടങ്ങളിൽ പൊന്തക്കാടുകളായും മാറിയ പുഴ കുലംകുത്തിയൊഴുകാതായി. ജലസമൃദ്ധമായിരുന്ന നിളയെ കാലാവസ്ഥ വ്യതിയാനങ്ങളും വർഷകാലത്ത് പോലും നീർച്ചാലാക്കി മാറ്റി. വേനൽക്കാലങ്ങളിലും കടത്ത് തോണിക്കാരുണ്ടായിരുന്ന കടവ് ഭാഗങ്ങളിൽ കുടിവെള്ളം തീരെയില്ലാതായി.
ഭാരതപുഴയുടെ മുകൾത്തട്ടിലെ മണൽ ശേഖരത്തിനടിയിൽ കളിമണ്ണും അതിനടിയിൽ പാറയുമാണ്. ഇവ രണ്ടും ജലം ശേഖരിച്ച് നിർത്തില്ലെന്നതിനാൽ വേനൽക്കാലത്ത് കുടിവെള്ളത്തിനായി പോലും ജലമില്ലാതായി.
ഭാരതപ്പുഴയിലെ പ്രതിദിന നീരൊഴുക്കിനെ കുറിച്ചറിയാനും പഠിക്കാനുമായി ചെറുതുരുത്തിയിൽ നിളയുടെ തീരത്ത് ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. കൊച്ചിപ്പാലത്തിനരികിലായി നീരൊഴുക്ക് അളക്കാനുള്ള സംവിധാനമുണ്ട്. തമിഴ്നാടുമായുള്ള ജലതർക്കം വന്നതോടെ അധികൃതർ അളവ് വെളിപ്പെടുത്താതായി. പുഴ നിറഞ്ഞൊഴുകുന്നത് കാണാൻ നിരവധി പേരാണ് ഷൊർണൂർ കൊച്ചി പാലത്തിന് മുകളിൽ എത്താറുള്ളത്. പുഴ സ്നേഹികൾക്ക് ഇത്തവണ മഴയാരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും ആ ഭാഗ്യമുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

