മാസങ്ങൾക്ക് മുമ്പ് 1.80 കോടി ചെലവിട്ട് പണിത റോഡ് തകർന്നു; വ്യാപക ക്രമക്കേടെന്ന് കോൺഗ്രസ്
text_fieldsഅറ്റകുറ്റപ്പണി നടക്കുന്ന ഷൊർണൂർ പോസ്റ്റ് ഓഫിസ്-പരുത്തിപ്ര റോഡ്
ഷൊർണൂർ: മാസങ്ങൾക്ക് മുമ്പ് പണിത റോഡിലും അതേ റോഡിൽ ഇപ്പോൾ അറ്റകുറ്റപ്പണി നടത്തുന്നതിലും വ്യാപക ക്രമക്കേടാണെന്നാരോപിച്ച് കോൺഗ്രസ് രംഗത്ത്. ഷൊർണൂർ പോസ്റ്റ് ഓഫിസ് ജങ്ഷനിൽ നിന്ന് തുടങ്ങി പരുത്തിപ്രയിലേക്കുള്ള റോഡ് പ്രവൃത്തിയിലാണ് ക്രമക്കേട് നടക്കുന്നതായി ആരോപണമുയർന്നത്.
1.80 കോടി ചെലവിലാണ് മാസങ്ങൾക്ക് മുമ്പ് റോഡ് ടാറിങ് നടത്തിയത്. പിന്നീട് വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിനായി 22 ലക്ഷം രൂപയും അനുവദിച്ചു. ഇരു പ്രവൃത്തികളും പൂർത്തിയായെങ്കിലും വൈകാതെ റോഡ് തകരാൻ തുടങ്ങി. തകർന്ന ഭാഗങ്ങളിലാണ് ഇപ്പോൾ അറ്റകുറ്റപ്പണി നടക്കുന്നത്.
പൊട്ടിയ ഭാഗം ചതുരത്തിൽ കട്ട് ചെയ്ത് വേണം ടാറിങ് നടത്താൻ പാടുള്ളൂവെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.കെ. ബഷീർ പറഞ്ഞു. മതിയായ ടാർ ഒഴിക്കാതെയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭാംഗം കൂടിയായ ടി.കെ. ബഷീർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വിജയ് പ്രകാശ് ശങ്കർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ. അബൂബക്കർ എന്നിവരുടെ പ്രതിഷേധം നഗരസഭ ജീവനക്കാരോ കരാർ പ്രവൃത്തി നടത്തുന്നവരോ ഗൗനിച്ചില്ല. തുടർന്ന് പാലക്കാട് വിജിലൻസ് ആൻറി കറപ്ഷൻ ഡി.വൈ.എസ്.പി.ക്ക് പരാതി നൽകി. വിശദ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

